'അഭയാര്‍ഥികളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചൂഷണം ചെയ്യരുത്': യൂറോപ്യന്‍ യൂനിയനെതിരേ നിശിത വിമര്‍ശനവുമായി മാര്‍പാപ്പ

കുടിയേറ്റ വിഷയത്തില്‍ യൂറോപ്പിന് ദേശീയത മനോഭാവമാണുമുള്ളതെന്നും അഭയം തേടിയെത്തുന്നവരോട് യൂറോപ്പിന് ശത്രുത മനോഭാവമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Update: 2021-12-06 14:11 GMT
അഭയാര്‍ഥികളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചൂഷണം ചെയ്യരുത്: യൂറോപ്യന്‍ യൂനിയനെതിരേ നിശിത വിമര്‍ശനവുമായി മാര്‍പാപ്പ

ഗ്രീസ്: അഭയാര്‍ഥികളുടെ ദുരവസ്ഥയോടുള്ള യൂറോപ്പിന്റെ നിസംഗതയ്‌ക്കെതിരേ പൊട്ടിത്തെറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലെ അഭയാര്‍ഥി ക്യാംപ് സന്ദര്‍ശിക്കുന്നതിനിടെയാണ് അഭയാര്‍ത്ഥികളോടുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ മനോഭാവത്തെ മാര്‍പ്പാപ്പ രൂക്ഷമായി വിമര്‍ശിച്ചത്.

2,200 ഓളം അഭയാര്‍ഥികള്‍ തമ്പടിച്ച മാവ്‌റോവൂനി ക്യാംപ് കത്തോലിക്കാ സഭയുടെ പരമോന്നത നേതാവ് ഞായറാഴ്ചയാണ് സന്ദര്‍ശിച്ചത്. അഭയാര്‍ഥി പ്രശ്‌നം അഭിമുഖീകരിക്കുന്ന ഗ്രീസിലേക്കും സൈപ്രസിലേക്കുമുള്ള അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമാണ് അദ്ദേഹം ക്യാംപിലെത്തിയത്.


കുടിയേറ്റ വിഷയത്തില്‍ യൂറോപ്പിന് ദേശീയത മനോഭാവമാണുമുള്ളതെന്നും അഭയം തേടിയെത്തുന്നവരോട് യൂറോപ്പിന് ശത്രുത മനോഭാവമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കഴിഞ്ഞയാഴ്ചകളില്‍ ബെലാറുസ്-പോളണ്ട് അതിര്‍ത്തിയില്‍ അഭയാര്‍ത്ഥികളെ തടഞ്ഞതിന്റെ പശ്ചാതലത്തില്‍ കൂടിയാണ് മാര്‍പാപ്പയുടെ വിമര്‍ശനം.

യൂറോപ്യന്‍ കമ്മ്യൂണിറ്റി ഈ വിഷയത്തില്‍ ഐക്യദാര്‍ഢ്യത്തിന്റെ യന്ത്രമാകേണ്ടതിനുപകരം തീരുമാനമെടുക്കാതെ കാര്യങ്ങള്‍ നീട്ടിവെക്കുകയാണ് ചെയ്യുന്നത്. ഇരയായവരെ ശിക്ഷിക്കുന്നതിന് പകരം കുടിയേറ്റത്തിന്റെ കാരണം തേടി പരിഹാരം കാണുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.



'ഭയത്തിന്റെ മരവിപ്പിനേയും കൊല്ലുന്ന നിസ്സംഗതയേയും മറികടക്കാന്‍ ഞാന്‍ ഓരോ പുരുഷനോടും സ്ത്രീയോടും ആവശ്യപ്പെടുന്നു,' അദ്ദേഹം പറഞ്ഞു.

നാഗരികതയുടെ ഈ തകര്‍ച്ച അവസാനിപ്പിക്കാനും മെഡിറ്ററേനിയന്‍ കടലിനെ സംസ്‌കാരങ്ങള്‍ തമ്മിലുള്ള പാലമായി തുടരാനും അദ്ദേഹം ആഹ്വാനം ചെയ്തു. നമ്മുടെ കടല്‍ മരണത്തിന്റെ വിജനമായ കടലായി രൂപാന്തരപ്പെടാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി കുടിയേറ്റക്കാരെ ചൂഷണം ചെയ്യുന്നതിനെ അദ്ദേഹം അപലപിച്ചു. യൂറോപ്പ് 'മതിലുകളുടെയും മുള്ളുവേലികളുടെയും യുഗത്തിലേക്ക്' പ്രവേശിച്ചുവെന്ന് അദ്ദേഹം വിലപിച്ചു. കുടിയേറ്റക്കാരോട് യൂറോപ്പ് കാണിക്കുന്ന നിസ്സംഗതയെയും സ്വാര്‍ത്ഥതാല്‍പ്പര്യത്തെയും ഫ്രാന്‍സിസ് മാര്‍പാപ്പ വിമര്‍ശിച്ചു


ഗ്രീസിലേക്കുള്ള ചരിത്ര യാത്രയില്‍ ഗ്രീസ് ഓര്‍ത്തഡോക്‌സ് സഭയുമായുള്ള സങ്കീര്‍ണ്ണമായ ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Tags: