സഖീ വണ്‍സ് സ്റ്റോപ്പ് സെന്ററുകളെ ഞെക്കി കൊല്ലരുത്: വിമന്‍ ഇന്ത്യ മൂവ്മെന്റ്

Update: 2024-12-10 13:38 GMT

കൊച്ചി: സംസ്ഥാനത്തെ സഖീ വണ്‍സ് സ്റ്റോപ്പ് സെന്ററുകളെ ഞെക്കി കൊല്ലരുതെന്ന് വിമന്‍ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരൊപ്പുന്നതിന് വേണ്ടി രൂപീകരിച്ച സഖീ വണ്‍സ്റ്റോപ്പ് സെന്ററിലെ ജീവനക്കാര്‍ക്ക് ഏഴുമാസമായി സര്‍ക്കാര്‍ ശമ്പളം നല്‍കുന്നില്ല. കേരളത്തിലെ 14 ജില്ലകളിലായി 150 ഓളം വരുന്ന ജീവനക്കാര്‍ക്കാണ് കഴിഞ്ഞ മെയ് മാസം മുതല്‍ ശമ്പളം കുടിശ്ശികയാക്കിയിരിക്കുന്നത്.

കൂടാതെ യാത്ര ബത്തയും നല്‍കിയിട്ടില്ല. ഇതുമൂലം ജീവനക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കേന്ദ്ര ഫണ്ട് വൈകുന്നതാണ് വിതരണം മുടങ്ങാന്‍ കാരണമെന്നാണ് ഔദ്യോഗിക ഭാഷ്യം. ഒരു ദിവസം പോലും അവധിയെടുക്കാതെ രാവും പകലും ജോലി ചെയ്യുന്ന വണ്‍ സ്റ്റോപ്പ് സെന്ററുകളിലെ ജീവനക്കാരുടെ വേതനവും മറ്റ് ആനുകുല്യങ്ങളും കുടിശ്ശിക സഹിതം അടിയന്തരമായി വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.



സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന, സംസ്ഥാന സെക്രട്ടറി റൈഹാനത്ത് സുധീര്‍, സംസ്ഥാന സമിതിയംഗങ്ങളായ ബാബിയ ഷെരീഫ്, സുലൈഖ റഷീദ്, എന്‍ കെ സുഹറാബി, ഹസീന സലാം എന്നിവര്‍ സംസാരിച്ചു.






Tags: