മൈ ലോര്‍ഡ് വിളി വേണ്ട; അഭിഭാഷകരോട് ജസ്റ്റിസ് മുരളീധര്‍

Update: 2020-03-16 05:47 GMT

ചണ്ഡീഗഡ്: ഇനിമുതല്‍ തന്നെ 'മൈ ലോര്‍ഡ്', 'യുവര്‍ ലോര്‍ഡ് ഷിപ്പ്' എന്നിങ്ങനെ വിളിച്ച് അഭിസംബോധന ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നു ഹരിയാനയിലേക്ക് സ്ഥലംമാറ്റത്തിനിരയായ ജസ്റ്റിസ് എസ് മുരളീധര്‍. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ അഭിഭാഷകരോടാണ് ജസ്റ്റിസ് മുരളീധരന്റെ നിര്‍ദേശം.

    ഡല്‍ഹിയിലെ മുസ് ലിം വിരുദ്ധ കലാപക്കേസ് പരിഗണിക്കുന്നതിനിടെ ബിജെപി നേതാക്കള്‍ക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്ന ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന എസ് മുരളീധറിനെ മണിക്കൂറുകള്‍ക്കകം പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത് ഏറെ വിവാദമായിരുന്നു. 'ബഹുമാന്യനായ ജസ്റ്റിസ് എസ് മരളീധര്‍ ഒരു അഭ്യര്‍ഥന നടത്തിയിട്ടുണ്ട്. ബാര്‍ അംഗങ്ങള്‍ അദ്ദേഹത്തെ 'മൈ ലോര്‍ഡ്', 'യുവര്‍ ലോര്‍ഡ് ഷിപ്പ്' എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കാന്‍ ശ്രമിക്കണം' എന്നാണ് പഞ്ചാബ്, ഹരിയാന ഹൈക്കോടതി തിങ്കളാഴ്ച പുറപ്പെടുവിച്ച കുറിപ്പിലുള്ളത്.

    വര്‍ഷങ്ങള്‍ക്കുമുമ്പ് ചണ്ഡിഗഡിലെ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ അംഗങ്ങളോട് ജഡ്ജിമാരെ 'സര്‍' അല്ലെങ്കില്‍ 'യുവര്‍ ഓണര്‍' എന്ന് അഭിസംബോധന ചെയ്താല്‍ മതിയെന്ന് അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും 'മൈ ലോര്‍ഡ്', 'യുവര്‍ ലോര്‍ഡ്ഷിപ്പ്' എന്നിങ്ങനെയുള്ള അഭിസംബോധന തുടരുകയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് ആറിനാണ് ജസ്റ്റിസ് മുരളീധര്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജായി ചുമതലയേറ്റത്.



Tags:    

Similar News