'ദി കേരള സ്‌റ്റോറി'യുടെ നുണ പ്രചാരണം അനുവദിക്കരുത്: അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍

Update: 2023-05-03 05:46 GMT

തിരുവനന്തപുരം: 32000 അമുസ്‌ലിം സ്ത്രീകളെ മുസ്‌ലിമാക്കി സിറിയയിലേക്ക് കടത്തിയെന്ന അതിഭീകരമായ നുണ ബോംബ് പൊട്ടിച്ച് വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ മാരക ആക്രമണം അഴിച്ചു വിട്ട 'ദി കേരള സ്‌റ്റോറിക്ക്' പ്രബുദ്ധ കേരളത്തില്‍ പ്രദര്‍ശനം അനുവദിക്കരുതെന്ന് അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സാമൂഹിക സൗഹാര്‍ദ്ദത്തിലും മാനവിക മൈത്രിയിലും ലോകത്തിനു തന്നെ മാതൃകയായ കേരളീയ സംസ്‌കാരത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത നുണക്കഥകള്‍ മെനഞ്ഞുണ്ടാക്കി സംഘപരിവാരത്തിന്റെ അധികാര സ്വപ്നങ്ങള്‍ക്ക് നിലമൊരുക്കുക എന്ന ഗൂഢലക്ഷ്യമാണ് ഈ സിനിമയ്ക്ക് പിന്നിലുള്ളത്. കേരളമൊഴികെയുള്ള ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം ബിജെപി വര്‍ഗ്ഗീയ ലഹളകളിലൂടെയും കുതിരക്കച്ചവടത്തിലൂടെയും അധികാരം പിടിക്കാനുള്ള ജനാധിപത്യവിരുദ്ധമായ ഹീന ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍, അവര്‍ ഉയര്‍ത്തുന്ന അക്രമത്തിന്റെയും ഭിന്നിപ്പിന്റെയും കുടില രാഷ്ട്രീയത്തെ ചാണിനു ചാണായി പ്രതിരോധിക്കുവാനും അപകടകാരികളായ അവരെ അധികാര പരിധിയില്‍ നിന്നും ഇച്ഛാശക്തിയോടെ അകറ്റിനിര്‍ത്താനും

    കേരള ജനതക്ക് മാത്രമാണ് നാളിതുവരെ കഴിഞ്ഞിട്ടുള്ളത്. ഇതില്‍ വിള്ളല്‍ വീഴ്ത്താനും വ്യാജ നിര്‍മിതികളുടെ പഴുതിലൂടെ കേരള സമൂഹം നൂറ്റാണ്ടുകളായി ആര്‍ജ്ജിച്ചെടുത്ത സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ത്തെറിയുവാനുമാണ് ഇവര്‍ പദ്ധതിയിടുന്നത്. സുപ്രിം കോടതി പോലും വ്യാജമാണെന്ന് വ്യക്തമാക്കിയ ലൗ ജിഹാദ് ഇന്നും ഇവരുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ മുഖ്യ ആയുധമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ യാഥാര്‍ത്ഥ്യത്തെ കബളിപ്പിക്കുന്ന എന്തു നെറികേടുകളെയും അനുവദിക്കാന്‍ ഭരണകൂടം കൂട്ടുനില്‍ക്കരുത്. മഹിതമായ പൈതൃകത്തെയാണ് അവര്‍ ഉന്നംവയ്ക്കുന്നത്. ചെറുത്തുനില്‍പ്പിലൂടെ ഇത്തരം വിധ്വംസക ശ്രമങ്ങളെ പരാജയപ്പെടുത്താനും തുടച്ചുനീക്കുവാനും നമുക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ട്. ഇനിയും സാധിക്കുക തന്നെ ചെയ്യും. യൂട്യൂബ് ഡിസ്‌ക്രിപ്ഷനില്‍ 32000 തിരുത്തി മൂന്നു സ്ത്രീകള്‍ എന്നു ഭേദഗതി ചെയ്യാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായത് ശ്രദ്ധേയമാണ്. സംഘപരിവാരത്തിന്റെ വര്‍ഗ്ഗീയതയെ ഈ മണ്ണില്‍ നട്ടുപിടിപ്പിക്കാന്‍ ഇനിയും പല നുണ ബോംബുകളും ആവര്‍ത്തിച്ചേക്കാം. പ്രബുദ്ധ സമൂഹത്തിനെന്ന പോലെ അധികാരികള്‍ക്കും ഇതില്‍ നിര്‍ണായക പങ്കുവഹിക്കാനുണ്ടെന്ന് അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ സ്‌റ്റേറ്റ് ഭാരവാഹികള്‍ വ്യക്തമാക്കി.

Tags:    

Similar News