മൂന്ന് മാസത്തിനുള്ളിൽ അമേരിക്കയിലുള്ള സ്വത്തുക്കൾ വിറ്റഴിക്കണം; ടിക് ടോക്കിന് ട്രംപിന്റെ ഭീഷണി

രാജ്യത്തെ ടിക്ക് ടോക്ക് ഉപയോക്താക്കളിൽ നിന്ന് ശേഖരിച്ച എല്ലാ വിവരങ്ങളും സ്വയം നശിപ്പിക്കാനും അദ്ദേഹം ബൈറ്റ്‌ഡാൻസിനോട് ആവശ്യപ്പെട്ടു.

Update: 2020-08-15 14:26 GMT

ന്യൂയോർക്ക്: മൂന്ന് മാസത്തിനുള്ളിൽ അമേരിക്കയിലുള്ള സ്വത്തുക്കൾ വിറ്റഴിക്കണം ടിക് ടോക്കിന് ട്രംപിന്റെ ഭീഷണി. ടിക് ടോക്കിന്റെ മാതൃ സ്ഥാപനമായ ബൈറ്റ്‌ഡാൻസിനാണ്, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്കയിൽ സ്വത്ത് വകകൾ വിൽക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായി വാർത്താ ഏജൻസിയായ എപി റിപോർട്ട് ചെയ്യുന്നു.

രാജ്യത്തെ ടിക്ക് ടോക്ക് ഉപയോക്താക്കളിൽ നിന്ന് ശേഖരിച്ച എല്ലാ വിവരങ്ങളും സ്വയം നശിപ്പിക്കാനും അദ്ദേഹം ബൈറ്റ്‌ഡാൻസിനോട് ആവശ്യപ്പെട്ടു. ആ​ഗസ്ത് 6 ന് ചൈനീസ് കമ്പനികളായ ബൈറ്റ്ഡാൻസ്, വി ചാറ്റ് എന്നിവയുമായുള്ള ഇടപാടുകൾ നിരോധിച്ച് എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചിരുന്നു. ഒപ്പിട്ട ദിവസം മുതൽ 45 ദിവസം കഴിഞ്ഞാൽ ഉത്തരവ് പ്രാബല്യത്തിൽ വരും.

ചൈനീസ് കമ്പനികളായ ടിക് ടോക്ക്, വിചാറ്റ് എന്നിവ നിരോധിച്ചതിന് അടിയന്തര അധികാരം ഉപയോഗിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലി മക്ഇനാനി വ്യാഴാഴ്ച പറഞ്ഞു. അസാധാരണമായ ഭീഷണികൾ കൈകാര്യം ചെയ്യുന്നതിന് അന്താരാഷ്ട്ര വാണിജ്യത്തെ നിയന്ത്രിക്കാൻ പ്രസിഡന്റിനെ അനുവദിക്കുന്നതായി 1977ലെ നിയമം ഉണ്ടെന്ന് അദ്ദേഹം ഉദ്ധരിച്ചു. എല്ലാ സൈബർ ഭീഷണികളിൽ നിന്നും അമേരിക്കൻ ജനതയെ സംരക്ഷിക്കാൻ യുഎസ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്, മാത്രമല്ല ഈ ആപ്ലിക്കേഷനുകൾ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടിക്ക് ടോക്കിനെ നിരോധിക്കാനുള്ള നീക്കം വളരെ മോശമായ ഒരു ദീർഘകാല പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അതിനെക്കുറിച്ച് ശരിക്കും ആശങ്കാകുലനാണെന്നും ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് തന്റെ ജീവനക്കാരോട് പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ സുരക്ഷാ ആശങ്കകളോട് അനുഭാവം പുലർത്തുന്നുണ്ടെങ്കിലും, ഭാവിയിൽ മറ്റേതൊരു രാജ്യത്തിനും സമാനമായ രീതിയിൽ ഫേസ്ബുക്കിനെ ലക്ഷ്യമിടാമെന്ന് സക്കർബർഗ് സൂചന നൽകി.

Similar News