യുഎസ് തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ പുറത്താക്കി ട്രംപ്

Update: 2020-11-18 07:58 GMT

വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ പുറത്താക്കി ട്രംപ്. ജോ ബൈഡന് ലഭിച്ച വോട്ടില്‍ വന്‍തോതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന പ്രസിഡന്റിന്റെ തെളിവുകള്‍ നിരാകരിച്ച സര്‍ക്കാരിന്റെ ഉന്നത തിരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥനെയാണ് ട്രംപ് പുറത്താക്കിയത്. സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സി ഡയറക്ടര്‍ ക്രിസ് ക്രെബ്‌സനെയാണ് പുറത്താക്കിയത്.

'നവംമ്പര്‍ മൂന്നിന് നടന്ന തിരഞ്ഞെടുപ്പ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ ഒന്നാണെന്ന്' സംയുക്തമായി പ്രഖ്യാപിച്ച ഏജന്‍സിയെ നയിക്കുന്ന ക്രിസ് ക്രെബ്‌സിനെ പുറത്താക്കുന്നതായി ട്വിറ്ററിലൂടെയാണ് ട്രംപ് പ്രഖ്യാപിച്ചത്. ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം ട്രംപ് ഇതുവരെ അംഗീകരിച്ചിട്ടില്ല. വോട്ടിങ്ങില്‍ നടന്ന ക്രമക്കേടാണ് തന്റെ പരാജയത്തിന് കാരണമെന്ന് ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു.

'2020 ലെ തിരഞ്ഞെടുപ്പിന്റെ സുരക്ഷയെക്കുറിച്ച് ക്രിസ് ക്രെബ്‌സ് അടുത്തിടെ നടത്തിയ പ്രസ്താവന കൃത്യതയില്ലാത്തതായിരുന്നു, അതില്‍ വന്‍ അപാകതകളും ക്രമക്കേടുകളും ഉണ്ടായിരുന്നു,' ട്രംപ് ട്വീറ്റില്‍ എഴുതി. 'ക്രെബ്സിന്റെ ആരോപണം വസ്തതയ്ക്ക് നിരക്കുന്നതല്ല അതിനാല്‍ സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സി ഡയറക്ടര്‍ ക്രിസ് ക്രെബ്സിനെ ജോലിയില്‍ നിന്ന് പിരിച്ചു വിടുന്നു,' ട്രംപ് ട്വീറ്റ് ചെയ്തു.

മരിച്ചു പോയവരുടെ പേരില്‍ ചിലര്‍ വോട്ട് ചെയ്തതായും പോളിങ് സ്ഥലത്തേക്ക് പോള്‍ വാച്ചര്‍മാരെ അനുവദിച്ചില്ലെന്നും തുടങ്ങി നിരവധി ആരോപണങ്ങളാണ് ട്രംപ് ഉന്നയിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ചുള്ള ട്രംപിന്റെ ആരോപണം സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഉന്നതഉദ്യോഗസ്ഥരടങ്ങിയ അന്വേഷണസംഘം കഴിഞ്ഞയാഴ്ച റിപോര്‍ട്ട് നല്‍കിയിരുന്നു. തിങ്കളാഴ്ച മറ്റ് 59 തിരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥരും ട്രംപിന്റെ വാദത്തില്‍ കമ്പമില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. സാങ്കേതികപരമായ പിഴവുകളൊന്നും വോട്ടിങ്ങിലോ വോട്ടെണ്ണലിലോ നടന്നിട്ടില്ലെന്നാണ് ഉന്നതഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. ജനുവരി 20 വരെയാണ് ട്രംപിന്റെ കാലാവധി.