വീട്ടുജോലിക്കാരിക്ക് മര്‍ദ്ദനം: ബിജെപി നേതാവ് സീമ പത്രയ്‌ക്കെതിരേ കര്‍ശന നടപടി വേണമെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട്

Update: 2022-09-02 16:30 GMT

കോഴിക്കോട്: വീട്ടുജോലിക്കാരിയായ ഗോത്രവര്‍ഗ യുവതിയെ മര്‍ദ്ദിച്ച ബിജെപിയുടെ വനിതാ വിഭാഗം ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗം സീമ പത്രയുടെ നടപടിയെ ശക്തമായി അപലപിച്ച് നാഷനല്‍ വിമന്‍സ് ഫ്രണ്ട്. സീമ പത്രയ്‌ക്കെതിരേ വിശദമായ അന്വേഷണം നടത്തുകയും പക്ഷപാതരഹിതമായ വിചാരണയ്ക്ക് വിധേയയാക്കുകയും വേണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി നൗഷീറ ബാനു വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. സീമയുടെ വീട്ടിലെ ജോലിക്കാരിയായ സുനിതയെ ക്രൂരമായി പീഡിപ്പിച്ചത് അപലപനീയമാണ്.

സീമ പത്രയുടെ ഇത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ ഭയാനകവും അതിനെതിരേ കര്‍ശന നടപടി സ്വീകരിക്കേണ്ടതുമാണ്. എട്ടുവര്‍ഷത്തോളമാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ട സുനിതയെ സീമ പത്ര വീട്ടിലിട്ട് പീഡിപ്പിച്ചത്. ചൂടാക്കിയ പാത്രം കൊണ്ട് നിഷ്‌കരുണം അടിക്കുകയും പമുറിയില്‍ പൂട്ടിയിട്ട് അവരുടെ മൂത്രം കുടിപ്പിക്കുകയും ചെയ്തു. സ്ത്രീയെക്കൊണ്ട് കഠിനമായ ജോലികളാണ് ചെയ്യിച്ചിരുന്നത്. അതുകൊണ്ടുതന്നെ ശാരീരികമായും മാനസികമായും അവര്‍ തളര്‍ന്നിരുന്നു.

പല്ലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നു. സംസാരിക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയിലാണെന്നാണ് പുറത്തുവന്ന ദൃശ്യങ്ങള്‍ കാണിക്കുന്നത്. എന്നിട്ടും സുനിത നല്‍കുന്ന നല്‍കുന്ന സന്ദേശം ആശ്വാസകരമാണ്. ഇനിയെന്താണെന്ന് ചോദിച്ചപ്പോള്‍ സുഖം പ്രാപിച്ചാല്‍ പഠനം തുടരുമെന്നായിരുന്നു സുനിതയുടെ മറുപടി. ആര്‍ട്ടിക്കിള്‍ 14 പ്രകാരം എല്ലാ മനുഷ്യര്‍ക്കും തുല്യത ഉറപ്പുനല്‍കുമ്പോള്‍ ഒരു പൗരനും ഒരു സൗകര്യവും നിഷേധിക്കപ്പെടരുത്. ജാതി, മതം, നിറം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കരുതെന്നും ദേശീയ ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.

Tags:    

Similar News