'പ്രകോപന സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്, ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍'; കര്‍ശന നടപടിയെന്ന് പോലിസ്

പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിന്‍മാരും പോലിസ് നിരീക്ഷണത്തിലാണ്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പോലിസ് അറിയിച്ചു.

Update: 2022-04-16 14:16 GMT

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി പോലിസ്. പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് പോലിസ് അറിയിപ്പ്. പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിന്‍മാരും പോലിസ് നിരീക്ഷണത്തിലാണ്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പോലിസ് അറിയിച്ചു.

അതേസമയം, പാലക്കാട്ടെ കൊലപാതകങ്ങള്‍ പ്രത്യേക സംഘങ്ങള്‍ അന്വേഷിക്കുമെന്ന് ഡിജിപി അനില്‍ കാന്ത് വ്യക്തമാക്കി. ഉത്തര മേഖല ഐജി ക്യാംപ് ചെയ്ത് അന്വേഷണ പുരോഗതിക്ക് നേതൃത്വം നല്‍കും. അക്രമ സംഭവങ്ങള്‍ തുടരാതിരിക്കാന്‍ എല്ലാ വിധ നടപടികളും സ്വീകരിക്കുമെന്നും കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുണ്ടാകുമെന്നും ഡിജിപി അറിയിച്ചു.

ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പാലക്കാട്ടേക്ക് തിരിച്ചു. ഇവിടെ ക്യാംപ് ചെയ്തു കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കൂടി മേല്‍നോട്ടം വഹിക്കാനാണ് നിര്‍ദേശം. കൂടുതല്‍ പോലിസുകാരെയും ജില്ലയില്‍ വിന്യസിക്കും. എറണാകുളം റൂറലില്‍ നിന്നും ഒരു കമ്പനി സേന പാലക്കാടെത്തും. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

24 മണിക്കൂറുകള്‍ക്കിടെ രണ്ട് ജീവനുകളാണ് പാലക്കാട്ട് പൊലിഞ്ഞത്. ഇന്നലെ ഉച്ചയോടെയാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവായ സുബൈര്‍ കൊല്ലപ്പെട്ടത്. പള്ളിയില്‍ നിന്ന് നിസ്‌കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ക്രൂരമായ കൊലപാതകം നടന്നത്. പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടര്‍ന്ന് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

Full View

Tags:    

Similar News