കര്‍ണാടകയില്‍ ബിജെപി പരസ്യമായി കളത്തിലിറങ്ങുന്നു; ഇന്ന് ഗവര്‍ണറെ കാണും

പരസ്യമായി സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ക്ക് പാര്‍ട്ടി തുടക്കത്തില്‍ മടിച്ചിരുന്നു. എന്നാല്‍ വിമതരുടെ രാജി വൈകിപ്പിച്ചും അയോഗ്യത ഭീഷണി മുഴക്കിയുമുള്ള കോണ്‍ഗ്രസ് തന്ത്രത്തിന് ഗവര്‍ണറെ മുന്‍ നിര്‍ത്തി മറുപടി കൊടുക്കാനാണ് ബിജെപി തീരുമാനം.

Update: 2019-07-10 02:19 GMT

ന്യൂഡല്‍ഹി: എംഎല്‍എമാരെ തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള ശ്രമം ഏറെക്കുറെ വിജയിച്ചതോടെ കര്‍ണാടകത്തില്‍ പരസ്യ നീക്കങ്ങള്‍ക്ക് ബിജെപി. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു ബിജെപി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും. പരസ്യമായി സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ക്ക് പാര്‍ട്ടി തുടക്കത്തില്‍ മടിച്ചിരുന്നു. എന്നാല്‍ വിമതരുടെ രാജി വൈകിപ്പിച്ചും അയോഗ്യത ഭീഷണി മുഴക്കിയുമുള്ള കോണ്‍ഗ്രസ് തന്ത്രത്തിന് ഗവര്‍ണറെ മുന്‍ നിര്‍ത്തി മറുപടി കൊടുക്കാനാണ് ബിജെപി തീരുമാനം.

ഉച്ചക്ക് ഒരു മണിക്കാണ് ബി എസ് യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ വജുഭായ് വാലയെ കാണുക. 14 എംഎല്‍എമാര്‍ രാജിവയ്ക്കുകയും സ്വതന്ത്രര്‍ കൂറുമാറുകയും ചെയ്തതിനാല്‍ കര്‍ണാടക സര്‍ക്കാര്‍ ന്യൂനപക്ഷമായെന്നും ഈ സാഹചര്യത്തില്‍ കുമാരസ്വാമി സ്ഥാനമൊഴിയണമെന്നുമാണ് ബിജെപി ആവശ്യം. സഭയില്‍ വിശ്വസം തെളിയിക്കാന്‍ മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിക്കണമെന്നു ബിജെപി ആവശ്യപ്പെട്ടേക്കും.

അതേ സമയം, പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍ അശോക് മുംബൈയില്‍ എത്തി വിമത എംഎല്‍എമാരെ കണ്ടു. അതിനിടെ, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും മന്ത്രി ഡി കെ ശിവകുമാറും ഭീഷണിപ്പെടുത്തുന്നതായി രാജിവച്ച എംഎല്‍എ മുംബൈ പൊലിസിന് പരാതി നല്‍കി. ആകെ 107 പേരുടെ പിന്തുണയാണ് ബിജെപി അവകാശപ്പെടുന്നത്. വിശ്വാസം തെളിയിക്കാന്‍ കുമാരസ്വാമിക്ക് കഴിയില്ലെന്നും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ ഗവര്‍ണര്‍ തന്നെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുമെന്നും ബിജെപിക്ക് പ്രതീക്ഷയുണ്ട്.

വിമതരുടെ രാജി സ്വീകരിക്കുന്നത് നീട്ടിയ സ്പീക്കറുടെ നടപടിയും ബിജെപി ചോദ്യം ചെയ്യും. ഇന്ന് വൈകിട്ട് സ്പീക്കറെ പാര്‍ട്ടി എംഎല്‍എമാരുടെ സംഘം കാണും. രാവിലെ വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധവും സംഘടിപ്പിക്കും. പ്രതീക്ഷ കൈവിട്ടിട്ടില്ലാത്ത കോണ്‍ഗ്രസ് ഇപ്പോഴും ചര്‍ച്ചകളിലാണ്. ഗവര്‍ണറുടെ ഇടപെടലുണ്ടായാല്‍ സ്വീകരിക്കേണ്ട നിയമവഴികളും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. 

Tags: