ഫലസ്തീന്‍ വിമോചനം: ദൈവിക വാഗ്ദാനം നിറവേറ്റപ്പെടും; ഇസ്മായില്‍ ഹനിയ്യയോട് ആയത്തുല്ല അലി ഖാംനഈ

Update: 2024-05-23 08:36 GMT

തെഹ്‌റാന്‍: ഫലസ്തീന്‍ വിമോചനം സംബന്ധിച്ച ദൈവിക വാഗ്ദാനം നിറവേറ്റപ്പെടുക തന്നെ ചെയ്യുമെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മായില്‍ ഹനിയ്യയോട് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. വിമാനാപകടത്തില്‍ കൊല്ലപ്പെട്ട മുന്‍ പ്രസിഡന്റ് ഇബ്രാഹീം റഈസിയുടെയും വിദേശകാര്യ മന്ത്രി ഹുസന്‍ അമീര്‍ അബ്ദുല്ലാഹിയുടെയും രക്തസാക്ഷിത്വത്തില്‍ അനുശോചനം അറിയിക്കാന്‍ തിങ്കളാഴ്ച എത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഫലസ്തീന്‍ രാജ്യത്തിന്, പ്രത്യേകിച്ച് ഗസയിലെ ജനങ്ങള്‍ക്ക് അനുശോചനം അറിയിച്ചതിന് ഖാംനഈ നന്ദി അറിയിച്ചു. ഹനിയ്യയുടെ മക്കളുടെ രക്തസാക്ഷിത്വത്തെ അഭിനന്ദിക്കുകയും അനുശോചനവും രേഖപ്പെടുത്തുകയും ചെയ്ത അദ്ദേഹം ക്ഷമയോടെ ചെറുത്തുനില്‍ക്കുന്ന ഫലസ്തീന്‍ പോരാളികളെ അഭിനന്ദിക്കുകയും ചെയ്തു. ഒരു ദിവസം അമേരിക്കന്‍ സര്‍വകലാശാലകളില്‍ ഫലസ്തീനെ പിന്തുണച്ച് മുദ്രാവാക്യങ്ങള്‍ ഉയരുമെന്നും ഫലസ്തീന്റെ പതാക ഉയരുമെന്നും ആരാണ് വിശ്വസിക്കുക. ഒരു ദിവസം ജപ്പാനിലും ഫലസ്തീനെ പിന്തുണച്ചുള്ള പ്രകടനങ്ങളിലും ഇസ്രായേലിനു മരണം എന്ന മുദ്രാവാക്യം പേര്‍ഷ്യന്‍ ഭാഷയില്‍ മുഴങ്ങുമെന്ന് ആരെങ്കിലും വിശ്വസിച്ചിരുന്നോ. അതിനാല്‍ തന്നെ ഫലസ്തീനുമായി ബന്ധപ്പെട്ട് ഭാവിയില്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത സംഭവങ്ങള്‍ ഉണ്ടായേക്കാമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

    ലോകത്തെ വിസ്മയിപ്പിച്ച ഗസയിലെ ജനങ്ങള്‍ പ്രകടിപ്പിക്കുന്ന ശ്രദ്ധേയമായ ചെറുത്തുനില്‍പ്പിനെ പരാമര്‍ശിച്ചായിരുന്നു ആയത്തുല്ല അലി ഖാംനഈയുടെ പരാമര്‍ശം. പ്രവാചകന്‍ മൂസയുടെ മാതാവിന് ദൈവം നല്‍കിയ രണ്ട് വാഗ്ദാനങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ വാക്യങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു. 'ഇപ്പോള്‍ ഫലസ്തീന്‍ ജനതയെക്കുറിച്ചുള്ള ദൈവത്തിന്റെ ആദ്യ വാഗ്ദത്തം പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു. യുഎസ്, നാറ്റോ, ഇംഗ്ലണ്ട്, കൂടാതെ നിരവധി സഖ്യകക്ഷികള്‍ അടങ്ങുന്ന വലിയ, ശക്തരായ ഗ്രൂപ്പിനെതിരേ ഒരു ചെറിയ ഗ്രൂപ്പായ ഗസയിലെ ജനങ്ങളുടെ വിജയമാണിത്. അതനുസരിച്ച്, സയണിസ്റ്റ് ഭരണകൂടത്തിന്റെ ഉന്മൂലനം എന്ന രണ്ടാമത്തെ വാഗ്ദാനവും സാക്ഷാത്കരിക്കാനാകും. ദൈവകൃപയാല്‍ ഫലസ്തീന്‍ 'നദി മുതല്‍ കടല്‍ വരെ' സ്ഥാപിക്കപ്പെടുന്ന ദിവസം വരുമെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു. ഇടക്കാല പ്രസിഡന്റ് മുഹമ്മദ് മുഖ്ബറും കൂടെയുണ്ടായിരുന്നു.

Tags: