വിയോജിക്കുന്നവരെ ക്രിമിനൽവൽക്കരിക്കുന്നു; ഇഡി വേട്ടയ്ക്കെതിരേ മെഹ്ബൂബ മുഫ്തി

ഈ രാജ്യത്ത് വിയോജിപ്പുകളെ ക്രിമിനൽവൽകരിക്കുന്നു. പ്രതിപക്ഷത്തെ തന്ത്രപരമായി നിശബ്ദരാക്കാൻ ഇഡി, സിബിഐ, ദേശീയ അന്വേഷണ ഏജൻസി എന്നിവയെ ദുരുപയോഗം ചെയ്യുന്നു

Update: 2021-03-25 14:50 GMT

ശ്രീനഗർ: ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് മെഹ്ബൂബ മുഫ്തിയെ അഞ്ച് മണിക്കൂറിലധികം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ ഇഡിയെ ദുരുപയോഗം ചെയ്യുകയാണെന്ന് ചോദ്യം ചെയ്തതിന് പിന്നാലെ മെഹ്ബൂബ മുഫ്തി പ്രതികരിച്ചു. നിലവിലെ സർക്കാരിനെ എതിർക്കുന്ന ഏതൊരാളേയും രാജ്യദ്രോഹം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളാൽ വേട്ടയാടുന്നുവെന്ന് അവർ ആരോപിച്ചു.

ഈ രാജ്യത്ത് വിയോജിപ്പുകളെ ക്രിമിനൽവൽകരിക്കുന്നു. പ്രതിപക്ഷത്തെ തന്ത്രപരമായി നിശബ്ദരാക്കാൻ ഇഡി, സിബിഐ, ദേശീയ അന്വേഷണ ഏജൻസി എന്നിവയെ ദുരുപയോഗം ചെയ്യുന്നുവെന്ന് ശ്രീനഗർ രാജ്ബാഗിലെ ഇഡി ഓഫീസിന് പുറത്ത് മുഫ്തി പറഞ്ഞു. ഈ രാജ്യം മുന്നോട്ട് പോകുന്നത് ഭരണഘടനയിൽ അധിഷ്ഠിതമായല്ല, മറിച്ച് ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ അജണ്ടയ്ക്കൊപ്പമാണെന്ന് അവർ ആരോപിച്ചു.

അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹാര പ്രദേശത്തെ തന്റെ പാരമ്പര്യ ഭൂമി വിൽക്കുന്നതിനെക്കുറിച്ച് ഇഡിയോട് ചോദിച്ചതായി പിഡിപി മേധാവി പറഞ്ഞു. ബിജ്ബെഹാരയിലെ ഞങ്ങളുടെ ഭൂമി വിൽക്കുന്നതിനെക്കുറിച്ചും മുഖ്യമന്ത്രിയുടെ വിവേചനാധികാര ഫണ്ട് ഉപയോഗിക്കുന്നതിനെ കുറിച്ചും ചോദ്യങ്ങൾ ചോദിച്ചു. മുഖ്യമന്ത്രിയുടെ രഹസ്യ ഫണ്ടുകളിൽ നിന്ന് സഹായം സ്വീകരിക്കുന്ന വിധവകളുടെ പട്ടിക എവിടെ നിന്ന് വരും എന്ന് എന്നോട് ചോദിച്ചെന്നും മുഫ്തി പറഞ്ഞു.

2019 ആ​ഗസ്ത് 5 ന് മുമ്പ് നിലവിലുണ്ടായിരുന്ന ജമ്മു കശ്മീരിലെ പ്രശ്‌നം പരിഹരിക്കുന്നതിനും പ്രത്യേക പദവി പുനസ്ഥാപിക്കുന്നതിനുമുള്ള അജണ്ട തങ്ങളുടെ പാർട്ടി തുടരുമെന്ന് മുൻ മുഖ്യമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് ഒരു വർഷത്തിലേറെ തടങ്കലിൽ കഴിഞ്ഞ ശേഷം മോചിതയായ മുഫ്തിയോട് ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകാനായിരുന്നു നോട്ടിസ് നൽകിയത്.

കേസിൽ സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 19 ന് ഡൽഹി ഹൈക്കോടതി സമൻസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചിരുന്നു. തെളിവുകൾ നൽകാനോ രേഖകൾ ഹാജരാക്കാനോ ഏതെങ്കിലും വ്യക്തിയെ വിളിപ്പിക്കാൻ പി‌എം‌എൽ‌എയുടെ 50-ാം വകുപ്പ് നിർദേശിക്കുന്നുണ്ട്. ഈ നിയമപ്രകാരമാണ് മെഹ്ബൂബ മുഫ്തിയോട് ഇഡി ഹാജരാകാൻ ആവശ്യപ്പെട്ടത്.