എഡിജിപിക്കെതിരായ വെളിപ്പെടുത്തല്‍; മുഖ്യമന്ത്രി മറുപടി പറയണമെന്ന് പി കെ ഫിറോസ്

Update: 2024-09-02 14:24 GMT

കോഴിക്കോട്: സംസ്ഥാനത്തെ ഉന്നത പോലിസ് ഉദ്യോഗസ്ഥരായ എഡിജിപി എം ആര്‍ അജിത്കുമാറിനും പത്തനംതിട്ട എസ്പി സുജിത് ദാസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരേ പി വി അന്‍വര്‍ എംഎല്‍എ നടത്തിയ വെളിപ്പെടുത്തലില്‍ ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മറുപടി പറയണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. സംസ്ഥാനത്തെ ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരേ കൊലപാതകം, മാഫിയാ ബന്ധം, സ്വര്‍ണക്കടത്ത് തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഭരണകക്ഷി എംഎല്‍എ കൂടിയായ പി വി അന്‍വര്‍ ഉന്നയിച്ചത്. ഇവര്‍ക്കെതിരേ നിരന്തരം പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ സംരക്ഷണം നല്‍കാനാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി ശ്രമിക്കുന്നതെന്നും അന്‍വര്‍ ആരോപിക്കുന്നു. അതിനാല്‍ എംഎല്‍എ പറഞ്ഞത് വാസ്തവമാണെങ്കില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരെ ജയിലിലടക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് വിളിച്ച് പറഞ്ഞതെങ്കില്‍ അന്‍വര്‍ എംഎല്‍എയ്‌ക്കെതിരേ നടപടിയെടുക്കാനും മുഖ്യമന്ത്രി തയ്യാറാവണമെന്ന് പി കെ ഫിറോസ് അഭിപ്രായപ്പെട്ടു.

Tags: