അച്ചടക്ക ലംഘനം; കെ പി അനില്‍കുമാറിനും ശിവദാസന്‍ നായര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ്

Update: 2021-08-30 09:05 GMT

തിരുവനന്തപുരം: ഡിസിസി പുനസ്സംഘടനയ്‌ക്കെതിരേ പരസ്യപ്രസ്താവന നടത്തിയ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിമാരായ കെ പി അനില്‍കുമാറിനും കെ ശിവദാസന്‍നായര്‍ക്കും കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന്റെ പേരില്‍ ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. തുടര്‍നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ മതിയായ കാരണങ്ങളുണ്ടെങ്കില്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയത്.

ഏഴ് ദിവസത്തിനകം രേഖാമൂലം മറുപടി നല്‍കണമെന്നാണ് നോട്ടീസിലെ നിര്‍ദേശം. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളില്‍ കൂടി പരസ്യപ്രതികരണം നടത്തിയതിന് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു എന്നാണ് നോട്ടീസില്‍ ആദ്യം പറഞ്ഞിരിക്കുന്നത്. ഡിസിസി അധ്യക്ഷന്മാരുടെ പേരുകള്‍ പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധവുമായി അനില്‍കുമാറും ശിവദാസന്‍നായരും രംഗത്തെത്തിയത്.

അര്‍ഹതപ്പെട്ടവരെ തഴഞ്ഞെന്നും പെട്ടിതൂക്കികള്‍ക്കാണ് സ്ഥാനങ്ങള്‍ നല്‍കിയതെന്നുമായിരുന്നു ഇവരുടെ ആരോപണം. അര്‍ഹതപ്പെട്ടവരെ ഒഴിവാക്കി, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും വരെ അപമാനിക്കുന്ന തരത്തിലായിരുന്നു കെപിസിസി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും നടപടിയെന്നും ഇരുവരും നിലപാടെടുത്തു. മാധ്യമങ്ങളിലൂടെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ഇരുവരെയും സസ്‌പെന്‍ന്റ് ചെയ്യുകയായിരുന്നു.

Tags:    

Similar News