റോഡുകളുടെ ശോച്യാവസ്ഥ: വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും

നെടുമ്പാശേരിക്കടുത്ത് ബൈക്ക് അപകടത്തില്‍ ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ച സംഭവവും പരിശോധിച്ചേക്കും. കുഴിയടയ്ക്കല്‍ പ്രഹസനമാണെന്ന ആരോപണത്തിനിടെയാണ് വിഷയം കോടതി പരിഗണിക്കുന്നത്.

Update: 2022-08-08 02:13 GMT

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയില്‍ ഹൈക്കോടതി സ്വമേഥയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. കുഴികള്‍ അടയ്ക്കാന്‍ സ്വീകരിച്ച നടപടികള്‍ കോടതി വിലയിരുത്തും. നെടുമ്പാശേരിക്കടുത്ത് ബൈക്ക് അപകടത്തില്‍ ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ച സംഭവവും പരിശോധിച്ചേക്കും. കുഴിയടയ്ക്കല്‍ പ്രഹസനമാണെന്ന ആരോപണത്തിനിടെയാണ് വിഷയം കോടതി പരിഗണിക്കുന്നത്.

നെടുമ്പാശ്ശേരിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തിന് പിന്നാലെ അടിയന്തരമായി റോഡിലെ കുഴികള്‍ അടയ്ക്കാന്‍ ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കേരള റീജിയണല്‍ ഓഫിസര്‍ക്കും, പാലക്കാട് പ്രോജക്ട് ഡയറക്ടര്‍ക്കുമായിരുന്നു നിര്‍ദ്ദേശം. കുഴികള്‍ അടയ്ക്കാന്‍ സ്വീകരിച്ച നടപടികള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് പരിശോധിക്കും. പാലാരിവട്ടത്ത് യുവാവ് റോഡിലെ കുഴിയില്‍ വീണ് മരിക്കാന്‍ ഇടയായ സംഭവത്തില്‍ സ്വമേഥയാ എടുത്ത കേസും മറ്റു ഹര്‍ജികളുമാണ് ഹൈക്കോടതി പരിഗണിക്കുന്നത്. എറണാകുളം ജില്ലയിലെ ദേശീയപാതകളിലേയും പൊതുമരാമത്ത് റോഡുകളിലും കുഴികളടച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്നലെ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ അടക്കം ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.

Similar News