മാനം തെളിഞ്ഞു: ശബരിമലയില്‍ തീര്‍ഥാടകര്‍ക്കുള്ള വിലക്ക് നീക്കി

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പമ്പ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്

Update: 2021-11-20 03:59 GMT

പത്തനംതിട്ട: മഴ ശമിച്ച് കാലാവസ്ഥ അനുകൂലമായതോടെ ശബരിമലയില്‍ തീര്‍ഥാടകര്‍ക്കുള്ള നിയന്ത്രണം നീക്കി. സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി. കനത്ത മഴയില്‍ പമ്പ ത്രിവേണി കരകവിഞ്ഞതോടെ ശബരിമല തീര്‍ഥാടനത്തിന് ജില്ലാ കലക്ടര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തീര്‍ഥാടകര്‍ക്ക് നിലയ്ക്കലും പത്തനംതിട്ടയിലും തങ്ങാന്‍ സൗകര്യവും ഒരുക്കിയിരുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പമ്പ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയുട്ടുണ്ട്. 

 ശബരിമല തീര്‍ഥാടകര്‍ പമ്പാ നദിയില്‍ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്.സംസ്ഥാനത്ത് ഇന്നും മഴ തുടരും. തമിഴ്‌നാടിന് മുകളിലായുള്ള ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത. എവിടെയും യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ ഇല്ലെങ്കിലും ജാഗ്രത തുടരണം. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. മലയോര മേഖലകളിലും വനമേഖലകളിലും കൂടുതല്‍ മഴ കിട്ടും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടിക്ക് മുകളിലെത്തി. ഒരു ഷട്ടര്‍കൂടി ആറ് മണിക്ക് ഉയര്‍ത്തി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയര്‍ന്നു. 2399.88 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ നിലവിലെ തുറന്ന ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തിയേക്കും. 40 സെന്റിമീറ്ററില്‍ നിന്നും 80 ആക്കിയാണ് ഉയര്‍ത്തുക.

Tags:    

Similar News