ഡീസല്‍ വിലയും 'സെഞ്ച്വറി'യില്‍; സര്‍വകാല റെക്കോഡുമായി മോദി സര്‍ക്കാര്‍

ഡീസൽ-പെട്രോൾ വില നൂറുകടത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന നേട്ടം ഇനി മോദിക്ക് സ്വന്തം

Update: 2021-10-09 07:33 GMT

മുംബൈ: സർവകാല റെക്കോഡോടെ രാജ്യത്ത് മറ്റൊരു നേട്ടത്തിന് കൂടി നരേന്ദ്ര മോദി സർക്കാർ അർഹരായിരിക്കുകയാണ്. ഇന്ന് മുംബൈയിൽ ഡീസൽ വില നൂറുകടന്നതോടെയാണ് മറ്റൊരു നേട്ടംകൂടി മോദിയെത്തേടി എത്തിയിരിക്കുന്നത്. ഡീസൽ-പെട്രോൾ വില നൂറുകടത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന നേട്ടം ഇനി മോദിക്ക് സ്വന്തം.

വാണിജ്യ തലസ്ഥാനമായ മുംബൈയിലാണ് ശനിയാഴ്ച്ച ഡീസല്‍ വില 100 കടന്നത്. തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായി. പെട്രോളിന് 30 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലെ മാറ്റവും ഡോളര്‍ വിനിമയത്തിലുള്ള മാറ്റവുമാണ് വില ഉയരാന്‍ കാരണമെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു.

മുംബൈയില്‍ പെട്രോളിന് ലിറ്ററിന് 110 രൂപയാണ് വില. ഡീസലിന് 100.29 രൂപയും. ഇന്ത്യയിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് മുംബൈയിലാണ് ഇന്ധനത്തിന് ഏറ്റവും ഉയര്‍ന്ന വില. വെള്ളിയാഴ്ച ക്രൂഡ് ഓയില്‍ ബാരലിന് 82.57 ഡോളറായി ഉയര്‍ന്നു. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം 20 പൈസ ഇടിയുകയും ചെയ്തിട്ടുണ്ട്.

പ്രധാന നഗരങ്ങളിലെ ഇന്ധനവില (ഇന്ത്യന്‍ ഓയില്‍)

ഡൽഹി: പെട്രോള്‍- 103.84, ഡീസല്‍- 92.47

മുംബൈ: പെട്രോള്‍- 109.83, ഡീസല്‍- 100.29

ചെന്നൈ: പെട്രോള്‍- 101.27, ഡീസല്‍- 96.93

കൊല്‍ക്കത്ത: പെട്രോള്‍- 104.52, ഡീസല്‍- 95.58.