ഡിഐജിയെ സല്യൂട്ട് ചെയ്തില്ലെന്ന്; 15 പോലിസുകാര്‍ക്ക് പാറാവ് ശിക്ഷ

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 ഓടെ ഡിഐജി രാഹുല്‍ ആര്‍ നായര്‍ ക്യാംപ് ഓഫിസില്‍ നിന്നും ഓഫിസിലേക്ക് പോകുന്ന വഴി കോര്‍പ്പറേഷന്‍ ഓഫിസിന് മുന്നില്‍ സമരക്കാരെ നേരിടാന്‍ വിന്യസിച്ച പോലിസുകാര്‍ സല്യൂട്ട് ചെയ്തില്ലെന്നാരോപിച്ചാണ് നടപടി.

Update: 2022-05-06 10:25 GMT

കണ്ണൂര്‍: ഡിഐജിയെ സല്യൂട്ട് ചെയ്യാത്തതിന്റെ പേരില്‍ 15 പോലിസുകാര്‍ക്ക് ഗാര്‍ഡ് ഡ്യൂട്ടി ശിക്ഷ. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 ഓടെ ഡിഐജി രാഹുല്‍ ആര്‍ നായര്‍ ക്യാംപ് ഓഫിസില്‍ നിന്നും ഓഫിസിലേക്ക് പോകുന്ന വഴി കോര്‍പ്പറേഷന്‍ ഓഫിസിന് മുന്നില്‍ സമരക്കാരെ നേരിടാന്‍ വിന്യസിച്ച  പോലിസുകാര്‍ സല്യൂട്ട് ചെയ്തില്ലെന്നാരോപിച്ചാണ് നടപടി.

കുടുംബശ്രീ പ്രവര്‍ത്തകരും പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ മേയര്‍ ടി ഒ മോഹനനെ ഉപരോധിച്ചിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്നാണ് പോലിസ് സംഭവ സ്ഥലത്തേക്ക് എത്തിയത്. കണ്ണൂര്‍ ടൗണ്‍, സിറ്റി, എടക്കാട് സ്‌റ്റേഷനുകളിലെ പോലിസുകാരാണ് ഈ സമയത്ത് ഇവിടെ ഉണ്ടായിരുന്നത്. ഈ സമയം ഇതുവഴി കടന്നു പോയ ഡിഐജി രാഹുല്‍ ആര്‍ നായറിനെ സല്യൂട്ട് ചെയ്തില്ലെന്നാണ് ആക്ഷേപം.

സംഘര്‍ഷത്തിനിടയില്‍ ഡിഐജി രാഹുല്‍ ആര്‍ നായര്‍ കടന്നുപോയത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് പോലിസുകാര്‍ പറയുന്നത്. ണ്ണൂര്‍ കോര്‍പ്പറേഷന്‍ കോംപൗണ്ടിലെ ടേസ്റ്റി ഹട്ട് ഹോട്ടല്‍ പൊളിച്ചു നീക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു കുടുംബശ്രീ അംഗങ്ങളുടെ മാര്‍ച്ച്. മേയര്‍ അഡ്വ. ടി ഒ മോഹനനെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഓഫിസില്‍ കയറാന്‍ അനുവദിക്കാതെ ഉപരോധിച്ചിരുന്നു. കോര്‍പ്പറേഷന്‍ ഓഫിസ് പ്രധാന കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് സമരം നടത്തുന്നതിനിടെ ഓഫിസിലേക്കെത്തിയ മേയറെ സമരക്കാര്‍ തടഞ്ഞിരുന്നു.

ഇതിനിടെ സമരക്കാരും പോലിസും തമ്മില്‍ ഏറെ നേരം പിടിവലി നടന്നിരുന്നു. ടൗണ്‍ സി ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്. 20 മിനിറ്റോളം സമയം കോര്‍പറേഷന്‍ ഓഫിസ് സംഘര്‍ഷാവസ്ഥയിലായിരിക്കെയാണ് ഡിഐജി കടന്ന് പോയത്. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിനിടെ പോലിസ് ഉദ്യോഗസ്ഥര്‍ ഇത് ശ്രദ്ധിച്ചിരുന്നില്ല.എന്നാല്‍ ആ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ ആരെന്ന് പരിശോധിച്ചാണ് ഡി ഐ ജി നടപടി സ്വീകരിച്ചത്. സംഘര്‍ഷം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായത് പൊലീസിനുള്ളില്‍ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്.

Tags:    

Similar News