'കരിയറിനെ ഹാനികരമായി ബാധിക്കും': ബുള്ളി ബായ് കേസിലെ മുഖ്യ പ്രതി ജാമ്യത്തിനായി കോടതിയില്‍
സെക്ഷന്‍ 153എ പോലിസ് പ്രയോഗിക്കുന്നതില്‍ തെറ്റുണ്ട്, രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും, ഒരു ഗ്രൂപ്പ് അല്ല പരാതി നല്‍കിയിരിക്കുന്നതെന്നും ബിഷ്‌നോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു
ന്യൂഡല്‍ഹി: നൂറിലധികം മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോ ഉപയോഗിച്ച് സാമൂഹിക മാധ്യമത്തിലൂടെ 'വില്‍പനയ്ക്ക്്' വച്ച് അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥി നീരജ് ബിഷ്‌നോയ് (21) ജാമ്യാപേക്ഷയുമായി കോടതിയില്‍. കേസ് തന്റെ കരിയറിന് ഹാനികരമാണെന്ന് കാണിച്ചാണ് ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിച്ചിരിക്കുന്നത്.
അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മ്മേന്ദര്‍ റാണയ്ക്ക് മുമ്പാകെ ബിഷ്‌നോയിക്ക് വേണ്ടി അഭിഭാഷകന്‍ എല്‍ ഓജ വാദങ്ങള്‍ സമര്‍പ്പിച്ചു. വിശദമായ മറുപടി നല്‍കാന്‍ പോലിസിനോട് നിര്‍ദേശിച്ച ശേഷം കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു.
ജനുവരി 14 നാണ് ബിഷ്‌നോയിയെ അറസ്റ്റ് ചെയ്തതെന്നും രണ്ട് ദിവസത്തെ പോലിസ് കസ്റ്റഡിക്ക് ശേഷം പോലിസ് പോലും കസ്റ്റഡി ആവശ്യപ്പെട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഓജ തന്റെ വാദങ്ങള്‍ ആരംഭിച്ചത്. ബിഷനോയിയുടെ വെളിപ്പെടുത്തല്‍ പ്രസ്താവന ഉപയോഗിക്കാനാകുമോ എന്ന് വാദിച്ച അദ്ദേഹം, പോലിസ് അന്വേഷിക്കുന്ന ട്വിറ്റര്‍ ഹാന്‍ഡിലിന്റെ ഉപയോക്താവ് അദ്ദേഹം തന്നെയാണോ എന്നത് വിചാരണ വേളയില്‍ തീരുമാനിക്കേണ്ടുന്ന വിഷയമാണെന്നും ചൂണ്ടിക്കാട്ടി.
സെക്ഷന്‍ 153എ പോലിസ് പ്രയോഗിക്കുന്നതില്‍ തെറ്റുണ്ട്, രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും, ഒരു ഗ്രൂപ്പ് അല്ല പരാതി നല്‍കിയിരിക്കുന്നതെന്നും ബിഷ്‌നോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഈ വാദത്തിനെതിരേ പ്രോസിക്യൂഷന്‍ മറുവാദമായി ഉന്നയിച്ചെങ്കിലും മറുപടിയില്‍ തൃപ്തനല്ലാത്ത ജഡ്ജി ഈ വിഷയത്തില്‍ 153എ വകുപ്പ് പ്രയോഗിക്കുന്നത് എന്തിനാണെന്ന് ചോദിച്ചു.
ബി.ടെക് വിദ്യാര്‍ത്ഥിയായ നീരജ് ബിഷനോയിയെ (21) അസമില്‍ നിന്നാണ് ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്ലിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് യൂനിറ്റ് (ഐഎഫ്എസ്ഒ) സംഘം അറസ്റ്റ് ചെയ്തത്. ബുള്ളി ബായ് ആപ്പ് കേസിലെ കൂട്ടുപ്രതികളായ ശ്വേത സിങ്ങിനെയും മായങ്ക് റാവത്തിനെയും ബാന്ദ്ര കോടതി നേരത്തെ ജനുവരി 28 വരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.
