കസ്റ്റഡി മരണ കണക്കുകള്‍: ഉത്തര്‍പ്രദേശിലെ തടവറകള്‍ അറവുശാലയായി മാറുന്നു- എന്‍സിഎച്ച്ആര്‍ഒ

Update: 2022-07-29 18:34 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ തടവറകള്‍ അറവുശാലയായി മാറുന്നുവെന്നതിന്റെ തെളിവാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച കസ്റ്റഡി മരണത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളെന്ന് മനുഷ്യാവകാശ സംഘടനയായ നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്റെ (എന്‍സിഎച്ച്ആര്‍ഒ) ഉത്തര്‍പ്രദേശ് ഘടകം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച കസ്റ്റഡി മരണങ്ങളുടെ കണക്കുകളില്‍ അഗാധമായ വേദന രേഖപ്പെടുത്തിയതായി എന്‍സിഎച്ച്ആര്‍ഒ യുപി ഘടകം പ്രസിഡന്റ് റീത്ത ഭുയാര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഭരണകൂടം ഒരു ജനാധിപത്യ സമൂഹമായി മാറുന്നതിനുപകരം പ്രാകൃത 'അറവുശാല' ആയി മാറുന്നതിനെതിരേ എല്ലാ സെന്‍സിറ്റീവ് ആളുകളും മനുഷ്യാവകാശ സംഘടനകളും വ്യക്തികളും സജീവമായി രംഗത്തുവരണം. ഈ സാഹചര്യം നമ്മുടെ സംസ്ഥാന രാജ്യത്തെ പ്രാകൃതത്വത്തിലേക്കാണ് കൊണ്ടുപോവുന്നത്. ജനാധിപത്യ ജനപക്ഷ സമൂഹം കെട്ടിപ്പടുക്കാന്‍ നാം ഒറ്റക്കെട്ടായി പരിശ്രമിക്കണം. അല്ലാത്തപക്ഷം പരിഷ്‌കൃത സമൂഹമായി മാറുകയെന്നത് ചോദ്യചിഹ്നമായി മാറുമെന്ന് എന്‍സിഎച്ച്ആര്‍ഒ മുന്നറിയിപ്പ് നല്‍കി.

2020-21 വര്‍ഷം രാജ്യത്തുടനീളം 1940 പേരും 2021-22 വര്‍ഷത്തില്‍ 2,544 പേരും കസ്റ്റഡിയില്‍ മരിച്ചതായാണ് ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി പറഞ്ഞത്. ഇതില്‍ 2020-21 വര്‍ഷത്തിലും 2021-22 വര്‍ഷത്തിലും ഉത്തര്‍പ്രദേശില്‍ മാത്രം 451 പേര്‍ കസ്റ്റഡിയില്‍ മരിച്ചു. സര്‍ക്കാര്‍ സുരക്ഷാ സംവിധാനങ്ങളുടെ മേല്‍നോട്ടത്തില്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നവരുടെ കണക്ക് രാജ്യത്തുടനീളം ഒരുവര്‍ഷത്തിനിടെ 31 ശതമാനത്തിലധികം വര്‍ധിച്ചു. സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം ആഘോഷിക്കുന്ന അമൃത് മഹോത്സവം എന്ന് നാമകരണം ചെയ്യപ്പെട്ട ഇന്നത്തെ ഇന്ത്യ, തുടരുന്ന ക്രൂരമായ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ സാക്ഷ്യമാണിത്. ഈ കണക്കുകളില്‍ ഉത്തര്‍പ്രദേശിന്റെ പങ്ക് വളരെ ആശങ്കാജനകമാണ്. ഇവിടെ 'വെടിവയ്പ്പ്' സംസ്‌കാരം അടിച്ചേല്‍പ്പിക്കുന്നത് മുഖ്യമന്ത്രിയാണ് എന്നതിന്റെ സാക്ഷ്യപത്രം കൂടിയാണിത്.

നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയുടെ 21ാം അനുച്ഛേദം ഓരോ വ്യക്തിയുടെയും ജീവിതവും വ്യക്തിസ്വാതന്ത്ര്യവും മൗലികാവകാശമായി പ്രഖ്യാപിക്കുന്നു. വ്യക്തികളുടെ ജീവിതം മാന്യമായ രീതിയില്‍ ഉറപ്പാക്കുകയും ഓരോ വ്യക്തിയുടെയും വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. എന്നാല്‍, ഉത്തര്‍പ്രദേശിന്റെ സുരക്ഷ കൈകാര്യം ചെയ്യുന്ന സംവിധാനത്തിന്റെ കസ്റ്റഡിയില്‍ രണ്ടുവര്‍ഷത്തിനിടെ 952 പേരുടെ ജീവിക്കാനുള്ള അവകാശം തട്ടിയെടുത്തു. ഇത് ഔപചാരികമായി രേഖപ്പെടുത്തിയ കണക്കാണ്.

എന്നാല്‍, അത്തരം മരണങ്ങള്‍ രേഖപ്പെടുത്തുന്നത് തടയാന്‍ പോലിസും സുരക്ഷാ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പ്രതിനിധികളും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇന്ത്യയില്‍ പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍ മതത്തിന്റെയും ജാതിയുടെയും മറ്റ് ഘടകങ്ങളുടെയും പേരില്‍ ജുഡീഷ്യല്‍ ഇതര പീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും വര്‍ധിച്ചുവരുന്ന സംഭവങ്ങളെക്കുറിച്ച് എന്‍സിഎച്ച്ആര്‍ഒ ആശങ്കാകുലരാണ്. സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും സ്ഥാപിക്കേണ്ടത് ആവശ്യമാണ്.

എന്നാല്‍, ജുഡീഷ്യല്‍ ഇതര കൊലപാതകങ്ങളും അതിക്രമങ്ങളും തടയേണ്ട ചുമതലയുള്ള സംസ്ഥാനത്തിന്റെ പോലിസ് നടത്തുന്ന ജുഡീഷ്യല്‍ കസ്റ്റഡി മരണങ്ങളിലെ വന്‍ വര്‍ധനവ്, നമ്മുടെ പരിഷ്‌കൃത സമൂഹത്തിനും ഭരണഘടനാപരമായ ജനാധിപത്യ സമൂഹത്തിനും ആഴത്തിലുള്ള കളങ്കമുണ്ടാക്കിയിരിക്കുകയാണ്. ഈ കസ്റ്റഡി മരണങ്ങളില്‍, മതന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലിംകള്‍, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍പെട്ടവരാണ് ധാരാളമായി ഉള്‍പ്പെട്ടിട്ടുള്ളതെന്നും എന്‍സിഎച്ച്ആര്‍ഒ ചൂണ്ടിക്കാട്ടി.

Tags:    

Similar News