പോലിസ് ക്രൂരത അവസാനിക്കുന്നില്ല; പോക്സോ കേസ് ഇരയെ പ്രതിക്കൊപ്പം പറഞ്ഞയച്ചു
തന്‍റെ 16വയസുള്ള മകനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നും കാട്ടി വ്യോമസേന ഉദ്യോഗസ്ഥനും ആഗസ്ത് അവസാനം യുവതിക്കെതിരേ പരാതി നൽകി. ഇതന്വേഷിക്കാൻ മലയിൻകീഴ് പോലിസ് എത്തിയതോടെയാണ് മകൾ നേരിട്ട പീഡനം പോലിസിനെ യുവതി അറിയിക്കുന്നത്. അമ്മയെയും മകളെയും അവിടതന്നെ നിർത്തി പോലിസ് കടന്നു.
തിരുവനന്തപുരം: പീഡന കേസ് നേരിടുന്ന രണ്ടാനച്ഛനൊപ്പം ആറ് വയസുകാരി മകളെയും അമ്മയെയും എത്തിച്ച് പോലിസിൻറെ ക്രൂരത. പോക്സോ കേസിലെ പ്രതി കൺമുന്നിലുണ്ടായിട്ടും നടപടികൾ വൈകിപ്പിച്ച പോലിസ്, ഇതേ പ്രതിയുടെ പരാതിയിൽ ഇരയായ കുഞ്ഞിൻറെ അമ്മയെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്തു.
ആറ് വയസുകാരിയായ മകളെ പീഡിപ്പിച്ച വ്യോമസേന ഉദ്യോഗസ്ഥനായ രണ്ടാനച്ഛനെ ഭാര്യ വെട്ടിപ്പരിക്കേൽപിച്ചു. മൂന്ന് മാസം മുമ്പ് കേരളം കേട്ട വാർത്തയാണിത്. നിരാംലംബയായ മുംബൈ മലയാളിയായ യുവതി നാൽപത്തിയഞ്ച് ദിവസം ജയിൽവാസം അനുഭവിച്ച് പുറത്തിറങ്ങുമ്പോഴാണ് ഇതിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.
മാട്രിമോണിയൽ പരസ്യത്തിലൂടെ എയർഫോഴ്സ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടാണ് ആറ് വയസുകാരി മകൾക്കൊപ്പം മുംബൈ മലയാളി യുവതി തിരുവനന്തപുരത്ത് എത്തുന്നത്. ജൂലൈ 15ന് അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. ജൂലൈ 17ന് രാത്രി വീട്ടിൽ തന്‍റെ മകളെ ഭർത്താവ് പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവം നടന്ന ശേഷം മൊബൈൽ അടക്കം പിടിച്ചുവാങ്ങി ഒന്നരമാസം വീട്ടുതടങ്കലിൽ ഇട്ടെന്നും യുവതി പറയുന്നു
മകൾ നേരിട്ട പീഡനത്തിൽ പരാതി നൽകാതെ പിന്മാറില്ലെന്ന ഉറച്ച നിലപാട് യുവതി എടുത്തതോടെ പ്രശ്നം വഷളായി. സ്വർണ്ണാഭരണങ്ങൾ കവർന്നെന്നും തന്‍റെ 16വയസുള്ള മകനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നും കാട്ടി വ്യോമസേന ഉദ്യോഗസ്ഥനും ആഗസ്ത് അവസാനം യുവതിക്കെതിരേ പരാതി നൽകി. ഇതന്വേഷിക്കാൻ മലയിൻകീഴ് പോലിസ് എത്തിയതോടെയാണ് മകൾ നേരിട്ട പീഡനം പോലിസിനെ യുവതി അറിയിക്കുന്നത്. അമ്മയെയും മകളെയും അവിടതന്നെ നിർത്തി പോലിസ് കടന്നു.
സെപ്തംബർ ഒന്നിന് രണ്ടും കൽപിച്ച് യുവതി മകളുമായി പോലിസ് സ്റ്റേഷനിൽ എത്തി. ആറ് വയസുകാരി മജിസ്ട്രേറ്റിന് മൊഴി നൽകി. മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി. മെഡിക്കൽ റിപോർട്ടിൽ ആറ് വയസുകാരി ലൈംഗിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും അന്നേ ദിവസം രാത്രി പോലിസ് ഇരുവരെയും എത്തിച്ചത് പ്രതി താമസിക്കുന്ന വീട്ടിൽ. കണ്‍മുന്നിൽ പോക്സോ കേസ് പ്രതിയുണ്ടായിട്ടും പോലിസ് തൊട്ടില്ല.
പോലിസ് വീട്ടിലെത്തിച്ച അതെ ദിവസമാണ് ഭർത്താവും ഭാര്യയും തമ്മിൽ തർക്കമുണ്ടാകുന്നതും എയർഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേൽക്കുന്നതും. സ്വയം മുറിവേൽപിച്ച് മിലിട്ടറി ആശുപത്രിയിൽ ചികിൽസ തേടി തന്നെ വധശ്രമക്കേസ് പ്രതിയാക്കിയെന്നാണ് യുവതിയുടെ ആരോപണം. ആറുവയസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് വൈകിപ്പിച്ച മലയൻകീഴ് പോലിസ് പോക്സോ കേസ് പ്രതി പരിക്കേറ്റ കേസിൽ യുവതിയെ ഉടൻ അറസ്റ്റ് ചെയ്തു.
പോക്സോ കേസിൽ എയർഫോഴ്സ് ഉദ്യോഗസ്ഥൻ രണ്ടാഴ്ചകൊണ്ട് തന്നെ പുറത്തിറങ്ങി. എന്നാൽ വധശ്രമക്കേസിൽ നാൽപത്തിയഞ്ച് ദിവസം ജയിൽവാസം നേരിടേണ്ടി വന്ന ദുരവസ്ഥയിലേക്ക് മുംബൈ യുവതിയെ എറിഞ്ഞു കൊടുത്ത പോലിസ് വീഴ്ചയാണ് കുറ്റകരം. മാനസിക സംഘർഷം അനുഭവിക്കുന്നതിനിടെ ആറുവയസുകാരിയും ഈ ഒന്നരമാസം അമ്മയിൽ നിന്നും അകറ്റപ്പെട്ടു.

