കാപ്പ ചുമത്തി പോലിസ് നാടുകടത്തിയ സിപിഎം പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ച നിലയില്‍

Update: 2022-10-26 07:46 GMT

കണ്ണൂര്‍: കാപ്പ നിയമം ചുമത്തി പോലിസ് നാടുകടത്തിയ സിപിഎം പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കതിരൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പാറംകുന്ന് സ്വദേശി പ്രേമന്റെ മകന്‍ കൂരാഞ്ചി ഹൗസില്‍ കെ വിഥുനെയാണ് എറണാകുളത്ത് ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിഥുനെ പോലിസ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള 2007ലെ കാപ്പ നിയമം ചുമത്തി ചൊവ്വാഴ്ച നാടുകടത്തിയിരുന്നു.

കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കോയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ ഉത്തരവ് പ്രകരമാണ് നാടുകടത്തല്‍ നടപടി സ്വീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും വിഥുനെ ആറുമാസത്തേക്ക് തടഞ്ഞു കൊണ്ടാണ് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. കണ്ണൂര്‍ സിറ്റി പോലിസ് ഇക്കാര്യം ചൊവ്വാഴ്ച ഫേസ്ബുക്കിലൂടെ പുറത്തുവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിഥുനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Tags: