മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടത് ദലിതനായതിനാലെന്ന് ജി പരമേശ്വര

രാഷ്ട്രീയത്തില്‍ കടുത്ത ജാവിവിവേചനം നിലനില്‍ക്കുന്നുണ്ടെന്നും താനുള്‍പ്പെട്ട സര്‍ക്കാരും പാര്‍ട്ടിയും ഇതില്‍നിന്നു ഭിന്നമല്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പരമേശ്വര പറഞ്ഞു.

Update: 2019-02-26 01:12 GMT

ഹുബ്ലി: ദലിതന്‍ ആയതിനാല്‍ തനിക്ക് മൂന്നു തവണ മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടെന്ന ആരോപണവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര. രാഷ്ട്രീയത്തില്‍ കടുത്ത ജാവിവിവേചനം നിലനില്‍ക്കുന്നുണ്ടെന്നും താനുള്‍പ്പെട്ട സര്‍ക്കാരും പാര്‍ട്ടിയും ഇതില്‍നിന്നു ഭിന്നമല്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പരമേശ്വര പറഞ്ഞു.

കോണ്‍ഗ്രസും ജെഡിഎസും തമ്മിലുള്ള സംഘര്‍ഷം സഖ്യസര്‍ക്കാരിനെ വലയ്ക്കുന്നതിനിടയിലാണു പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കുന്ന പരമേശ്വരയുടെ പ്രസംഗം. പി കെ ബസവലിംഗപ്പ, കെ എച്ച് രംഗനാഥ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കും മുഖ്യമന്ത്രി സ്ഥാനം നഷ്ടമായി. എനിക്കു മൂന്നു തവണ നിഷേധിക്കപ്പെട്ടു. ഇപ്പോള്‍ എങ്ങനെയോ അവരെന്ന ഉപമുഖ്യമന്ത്രിയാക്കി- ദേവനഗരെയിലെ പൊതുപരിപാടിയില്‍ പരമേശ്വര പറഞ്ഞു.

പരമേശ്വരയുടെ ആരോപണം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ നിഷേധിച്ചു. ദലിതര്‍ക്കും പിന്നാക്ക സമുദായങ്ങള്‍ക്കും വേണ്ടി ഏറ്റവുമധികം കാര്യങ്ങള്‍ ചെയ്യുന്നതു കോണ്‍ഗ്രസാണെന്നും സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണ് ഉപമുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. 

Tags:    

Similar News