യുഎസ് ജനപ്രതിനിധി സ്പീക്കര്‍ നാന്‍സി പെലോസി നാലാം തവണയും യുഎസ് ഹൗസ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു

Update: 2021-01-04 18:25 GMT

വാഷിംഗ്ടണ്‍ ഡിസി: ഡെമോക്രാറ്റ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി നാലാം തവണയും യുഎസ് ഹൗസ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി മൂന്നിന് നടന്ന വോട്ടെടുപ്പില്‍ ജയിക്കാന്‍ ആവശ്യമായത് 214 വോട്ടുകളാണെങ്കില്‍ 216 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തോടെയാണ് നാന്‍സി യുഎസ് ഹൗസില്‍ നാലാമതും ഹൗസ് സ്പീക്കറാകുന്നത്. യുഎസ് ജനപ്രതിനിധി സ്പീക്കറായ നാന്‍സി ട്രംപിന്റെ കടുത്ത വിമര്‍ശകരില്‍ ഒരാളാണ്.

2021 ല്‍ ജനപ്രതിനിധിസഭയില്‍ ഭൂരിപക്ഷം നേടുമെന്ന് ഡെമോക്രാറ്റുകള്‍ പ്രവചിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് 13 സീറ്റുകളെങ്കിലും നഷ്ടപ്പെടുകയാണുണ്ടായത്. അവരുടെ എണ്ണം വെറും 222 മാത്രമായി ചുരുങ്ങി. പതിറ്റാണ്ടുകളിലെ ഏറ്റവും ചെറിയ ഹൗസ് ഭൂരിപക്ഷമാണിത് - സ്പീക്കറുടെ ആവേശം രണ്ടുവര്‍ഷത്തേക്ക് നിലനിര്‍ത്താനുള്ള പെലോസിയുടെ ശ്രമത്തെ ഈ കുറഞ്ഞ ഭൂരിപക്ഷം സങ്കീര്‍ണ്ണമാക്കുന്നു.ഇത് തന്റെ അവസാനത്തെ ഊഴമായിരിക്കുമെന്ന് നാന്‍സി പറഞ്ഞു. പെലോസിയുടെ ഭരണത്തിന്‍ കീഴില്‍ 18 വര്‍ഷത്തിനുശേഷം അവരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മൊത്തം അഞ്ച് ഡെമോക്രാറ്റുകള്‍ പെലോസിയെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ചു.


യുഎസ് ഹൗസില്‍ 427 മെമ്പര്‍മാരാണ് ഹാജര്‍ രേഖപ്പെടുത്തിയത്. ഇതില്‍ 220 ഡെമോക്രാറ്റുകളും 207 റിപ്പബ്ലിക്കന്‍ അംഗങ്ങളുമാണ്. കെവിന്‍ മക്കാര്‍ത്തി, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി 209 വോട്ടുകള്‍ നേടി യുഎസ് ഹൗസില്‍ മൈനോറട്ടി നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു. രണ്ടു ഡമോക്രാറ്റിക് അംഗങ്ങള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്കാണ് വോട്ടു ചെയ്തത്. ജനുവരി അഞ്ചിന് ജോര്‍ജിയായില്‍ നടക്കുന്ന റണ്‍ ഓഫ് തിരഞ്ഞെടുപ്പോടെ യുഎസ് സെനറ്റ് ആരുടെ നിയന്ത്രണത്തിലാകുമെന്ന് വ്യക്തമാകും.

കൊറോണ വൈറസിനെ പരാജയപ്പെടുത്തുന്നതാണ് ഞങ്ങളുടെ ഏറ്റവും അടിയന്തിര മുന്‍ഗണന,പെലോസി പറഞ്ഞു .കോണ്‍ഗ്രസിലെ ട്രംപിന്റെ മുഖ്യ ശത്രുതയാണ് പെലോസി, കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും തമ്മില്‍ ഏറ്റുമുട്ടലാണ്. പ്രത്യേകിച്ചും പ്രസിഡന്റിനെതിരെ ഇംപീച്ച്മെന്റ് ആരോപണം ഉന്നയിച്ചപ്പോള്‍.

പ്രസിഡന്റിന്റെ പ്രസംഗത്തിനിടെ എഴുന്നേറ്റ് നിന്ന നാന്‍സി പെലോസി, പ്രസംഗത്തിന്റെ പകര്‍പ്പ് രണ്ടായി വലിച്ചു കീറിയാണ് ട്രംപിനോടുള്ള അമര്‍ഷം രേഖപ്പെടുത്തിയത്. സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തിന് സെനറ്റിലെത്തിയ ട്രംപില്‍ നിന്ന് പ്രസംഗത്തിന്റെ പകര്‍പ്പ് സ്വീകരിച്ച ശേഷം അഭിവാദ്യം ചെയ്യാനായി നാന്‍സി കൈ നീട്ടി. എന്നാല്‍ അത് ട്രംപ് നിരസിച്ചു. ഹൗസ് സ്പീക്കര്‍ പദവിയിലിരിക്കുന്ന വ്യക്തിക്ക് ഹസ്തദാനം നല്‍കുന്നത് ജനാധിപത്യമര്യാദ അനുസരിച്ച് അമേരിക്കന്‍ പ്രസിഡന്റിന്റെ കര്‍ത്തവ്യമാണ്. എന്നാല്‍ ട്രംപ് കൈകൊടുക്കാതെ മുഖം തിരിച്ച് നടക്കുകയായിരുന്നു ചെയ്തത്.ഇംപീച്ച്മെന്റിന് ശുപാര്‍ശ ചെയ്ത നാന്‍സി പെലോസിയെ മനഃപൂര്‍വം ട്രംപ് പരസ്യമായി അവഹേളിക്കുകയായിരുന്നു. എന്നാല്‍ നാന്‍സി പെലോസി അതേ വേദിയില്‍ വെച്ച് ട്രംപിന് പകരം വീട്ടുന്ന ദൃശ്യങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. പ്രസിഡന്റിന്റെ പ്രസംഗത്തിനിടെ എഴുന്നേറ്റ് നിന്നാണ് നാന്‍സി പെലോസി, പ്രസംഗത്തിന്റെ പകര്‍പ്പ് രണ്ടായി വലിച്ച് കീറിയത്. അതേസമയം പ്രസംഗത്തില്‍ ഇംപീച്ച്മെന്റിനെക്കുറിച്ച് ട്രംപ് ഒരക്ഷരം മിണ്ടിയില്ല. മാത്രമല്ല തന്റെ ഭരണ നേട്ടങ്ങളെ കുറിച്ച് ട്രംപ് എണ്ണിപ്പറയുമ്പോഴും റിപ്പബ്ലിക്കന്‍സ് അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കുയിരുന്നു.