സമാധാനപരമായ പരിഹാരമോ വെടിയുണ്ടയോ ആകട്ടെ; പിന്നോട്ടില്ലെന്ന് കര്‍ഷകര്‍, ചര്‍ച്ച പരാജയം

കേന്ദ്രത്തിന്റെ കര്‍ഷകവിരുദ്ധ നിയമങ്ങളോടുള്ള കടുത്ത അതൃപ്തി നേതാക്കള്‍ യോഗത്തില്‍ വ്യക്തമാക്കി.

Update: 2020-12-01 16:42 GMT

ന്യൂഡൽഹി: കര്‍ഷക നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ പോരാട്ടം തുടരുമെന്ന് വിജ്ഞാന്‍ ഭവനിലെ ചര്‍ച്ചയ്ക്ക് ശേഷം നേതാക്കള്‍ വ്യക്തമാക്കി. ഡിസംബര്‍ മൂന്നിന് വീണ്ടും ചര്‍ച്ച നടക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു അനുനയ നീക്കം.

കേന്ദ്രത്തിന്റെ കര്‍ഷകവിരുദ്ധ നിയമങ്ങളോടുള്ള കടുത്ത അതൃപ്തി നേതാക്കള്‍ യോഗത്തില്‍ വ്യക്തമാക്കി. കൃഷിനിലങ്ങള്‍ കോര്‍പറേറ്റുകള്‍ പിടിച്ചെടുക്കുന്നത് സുഗമമാക്കുന്നതാണ് നിയമങ്ങളെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. പ്രശ്‌ന പരിഹാരത്തിന് കര്‍ഷക സംഘടനകളിലെ വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് പാനല്‍ രൂപീകരിക്കാമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം.

ഇത് തള്ളിയ കര്‍ഷകര്‍ പാനല്‍ രൂപീകരണത്തിനുള്ള സമയം ഇതല്ലെന്ന് വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട നേതാക്കള്‍ പ്രക്ഷോഭം തുടരുമെന്ന് അറിയിച്ചു. പ്രതിഷേധം തുടരും. സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും നേടിയെടുത്തേ മടങ്ങൂ. അത് വെടിയുണ്ടയോ സമാധാനപരമായ പരിഹാരമോ ആകാം. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ വീണ്ടും വരും'-ചര്‍ച്ചയില്‍ പങ്കെടുത്ത കര്‍ഷക നേതാവ് ചന്ദ സിങ് പറഞ്ഞു.

വിജ്ഞാന്‍ഭവനിലെ ചര്‍ച്ചയിലേക്ക് 32 കര്‍ഷക സംഘടനകളുടെ പ്രതിനിധികളെയാണ് വിളിച്ചത്. ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം ഏഴാം നാളിലേക്ക് കടക്കുകയാണ്. ഇതിനിടയിൽ തന്നെ പ്രക്ഷോഭത്തിന് അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് മുന്നേറാൻ സാധിച്ചിട്ടുണ്ട്.