ഡെല്‍റ്റ ഏറ്റവും വ്യാപനശേഷിയുള്ള വകഭേദം; വാക്‌സിന്‍ ലഭിക്കാത്തവരില്‍ അതിവേഗം പടരുന്നു: ഡബ്ല്യുഎച്ച്ഒ മേധാവി
കുറഞ്ഞത് 85 രാജ്യങ്ങളില്‍ സ്ഥിരീകരിച്ച ഈ വകഭേദം വാക്‌സിന്‍ ലഭിക്കാത്ത ജനവിഭാഗങ്ങളില്‍ അതിവേഗം വ്യാപിക്കുന്നതായും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ജനീവ: ഡെല്‍റ്റ വകഭേദം ഇതുവരെ തിരിച്ചറിഞ്ഞ കോവിഡ് വൈറസുകളില്‍ ഏറ്റവും വ്യാപനശേഷശേഷിയുള്ളതാണെന്നു ലോകാരോഗ്യ സംഘടനയുടെ ഡയരക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം ഗബ്രിയേസസ്. കുറഞ്ഞത് 85 രാജ്യങ്ങളില്‍ സ്ഥിരീകരിച്ച ഈ വകഭേദം വാക്‌സിന്‍ ലഭിക്കാത്ത ജനവിഭാഗങ്ങളില്‍ അതിവേഗം വ്യാപിക്കുന്നതായും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
"ഡെല്‍റ്റ വകഭേദത്തെക്കുറിച്ച് ആഗോളതലത്തില്‍ വളരെയധികം ആശങ്കയുണ്ടെന്ന് എനിക്കറിയാം. ലോകാരോഗ്യ സംഘടനയും ഇതിനെക്കുറിച്ച് ആശങ്കാകുലരാണ്," ഇന്നലെ ജനീവയില്‍ നടന്ന പത്രസമ്മേളനത്തില്‍ ഗബ്രിയേസസ് പറഞ്ഞു. ഇന്ത്യയിലാണ് ഡെല്‍റ്റ വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത്.
ചില രാജ്യങ്ങള്‍ പൊതുജനാരോഗ്യവും സാമൂഹിക നടപടികളും ലഘൂകരിക്കുമ്പോള്‍, "ലോകമെമ്പാടുമുള്ള വ്യാപനത്തിലെ വര്‍ധനവ് ഞങ്ങള്‍ കണ്ടുതുടങ്ങി," എന്ന് അദ്ദേഹം ആശങ്കയോടെ പറഞ്ഞു. കേസുകള്‍ കൂടുതുന്നത് അര്‍ഥമാക്കുന്നത് കൂടുതല്‍ പേര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുക, ആരോഗ്യ പ്രവര്‍ത്തകരുടെയും ആരോഗ്യ സംവിധാനങ്ങളുടെയും ഭാരം വര്‍ധിപ്പിക്കുക എന്നതാണ്. ഇത് മരണ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വ്യാപനമെന്നാല്‍ കൂടുതല്‍ വകഭേദങ്ങളും കുറഞ്ഞ വ്യാപനമെന്നാല്‍ കുറഞ്ഞ വകഭേദങ്ങളുമെന്നാണ് വളരെ ലളിമായി അര്‍ത്ഥമാക്കുന്നതെന്ന് ലോകാരോഗ്യ സംഘടനാ മേധാവി പറഞ്ഞു.
