പ്രക്ഷോഭം നേരിടാന്‍ കരിനിയമം; ഡല്‍ഹിയില്‍ മൂന്നുമാസത്തേക്ക് ദേശീയ സുരക്ഷാനിയമം പ്രഖ്യാപിച്ചു

ദേശീയ സുരക്ഷാ നിയമപ്രകാരം ഒരു വ്യക്തിയെ 12 മാസം വരെ കുറ്റപത്രമോ വിചാരണയോ ഇല്ലാതെ തടങ്കലില്‍വയ്ക്കാം.

Update: 2020-01-17 18:40 GMT

ന്യൂഡല്‍ഹി: വിവാദമായ പൗരത്വ നിയമത്തിനും പൗരന്‍മാരുടെ ദേശീയ രജിസ്റ്ററിനുമെതിരേ രാജ്യതലസ്ഥാനത്ത് പ്രതിഷേധം കത്തിപ്പടരുന്നതിനിടെ വ്യക്തികളെ 12 മാസം വരെ വിചാരണയില്ലാതെ തടവില്‍ വയ്ക്കാന്‍ പോലിസിന് അധികാരം നല്‍കുന്ന ഉത്തരവില്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഒപ്പുവച്ചു. ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ)മാണ് ഉത്തരവ്. മൂന്നു മാസത്തേക്കാണ് തലസ്ഥാനത്ത് എന്‍എസ്എ ഏര്‍പ്പെടുത്തിയത്. ജനുവരി 19 ന് പ്രാബല്യത്തില്‍ വരുന്ന ഉത്തരവിന് ഏപ്രില്‍ 18 വരെയാണ് കാലാവധിയുള്ളത്.

ദേശീയ സുരക്ഷാ നിയമപ്രകാരം ഒരു വ്യക്തിയെ 12 മാസം വരെ കുറ്റപത്രമോ വിചാരണയോ ഇല്ലാതെ തടങ്കലില്‍വയ്ക്കാം. ഇതു പ്രകാരം 10 ദിവസത്തേക്ക് ചുമത്തിയ വകുപ്പുകളെക്കുറിച്ച് വ്യക്തിയെ അറിയിക്കേണ്ടതില്ല. പിടിയിലായ വ്യക്തിക്ക് ഹൈക്കോടതി ഉപദേശക സമിതിക്ക് മുന്നില്‍ അപ്പീല്‍ നല്‍കാമെങ്കിലും വിചാരണ വേളയില്‍ അഭിഭാഷകനെ അനുവദിക്കില്ല. കൂടാതെ, ദേശീയ സുരക്ഷയ്‌ക്കോ ക്രമസമാധാനപാലനത്തിനോ ഭീഷണിയാണെന്ന് അധികാരികള്‍ക്ക് തോന്നുകയാണെങ്കില്‍ മാസങ്ങളോളം കരുതല്‍ തടങ്കലില്‍ വയ്ക്കാം.

    ലഫ്റ്റനന്റ് ഗവര്‍ണറാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം, ഇതില്‍ പുതുമയില്ലെന്നും എന്‍എസ്എയുടെ കീഴില്‍ തടങ്കലില്‍ വയ്ക്കാന്‍ പോലിസ് മേധാവിക്ക് അധികാരം നല്‍കുന്ന ഈ ഉത്തരവ് എല്ലാ മൂന്നു മാസത്തില്‍ ഒരിക്കല്‍ പുറപ്പെടുവിക്കാറുണ്ടെന്ന് ഒരു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജനുവരി 14 ന് ആന്ധ്രയില്‍ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.




Tags:    

Similar News