ഡല്‍ഹി: നേതാക്കളുടെ അറസ്റ്റിന് പിന്നാലെ പോപുലര്‍ ഫ്രണ്ട് വാര്‍ത്താസമ്മേളനം തടഞ്ഞ് പോലിസ്

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നാരായണ്‍ ദത്ത് തിവാരി ഭവനില്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനമാണ് പോലിസ് ഇടപെട്ട് തടഞ്ഞത്. അവസാന നിമിഷം ബുക്കിങ് റദ്ദാക്കാന്‍ ഭവന്‍ അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്തിയ പോലിസ് തുടര്‍ന്ന് പരിപാടി സ്ഥലത്തേക്കുള്ള കവാടങ്ങള്‍ അടച്ചുപൂട്ടി.

Update: 2020-03-13 15:45 GMT

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ അക്രമത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് ഡല്‍ഹി പ്രസിഡന്റ് ഉള്‍പ്പെടെയുളള നേതാക്കളെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വാര്‍ത്താസമ്മേളനം തടഞ്ഞ് ഡല്‍ഹി പോലിസ്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നാരായണ്‍ ദത്ത് തിവാരി ഭവനില്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനമാണ് പോലിസ് ഇടപെട്ട് തടഞ്ഞത്. അവസാന നിമിഷം ബുക്കിങ് റദ്ദാക്കാന്‍ ഭവന്‍ അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്തിയ പോലിസ് തുടര്‍ന്ന് പരിപാടി സ്ഥലത്തേക്കുള്ള കവാടങ്ങള്‍ അടച്ചുപൂട്ടി. മാധ്യമങ്ങളെ കാണുന്നത് തടയാന്‍ പ്രദേശത്ത് അസാധാരണമാം വിധം പോലിസിനെ വിന്യസിക്കുകയും ചെയ്തു.

വാര്‍ത്താസമ്മേളനം റിപോര്‍ട്ട് ചെയ്യാന്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് പോലിസിന്റെ ഈ നടപടി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കാനിരുന്ന വാര്‍ത്താസമ്മേളനത്തിനായി വ്യാഴാഴ്ച തങ്ങള്‍ നാരായണ്‍ ദത്ത് തിവാരി ഭവനില്‍ ഒരു ഹാള്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍, അതുമായി മുന്നോട്ട് പോവാന്‍ പോലിസ് തങ്ങളെ അനുവദിച്ചില്ലെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടറി ഡോ. തസ്‌ലീം റഹ്മാനി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുമ്പ് നാരായണ്‍ ദത്ത് തിവാരി ഭവനിലെ ഉദ്യോഗസ്ഥര്‍ തങ്ങളെ വിളിച്ച് ബുക്കിങ് റദ്ദാക്കാന്‍ പോലിസില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെന്ന് അറിയിച്ചതായും ഡോ. തസ്‌ലീം റഹ്മാനി വ്യക്തമാക്കി.

പോപുലര്‍ഫ്രണ്ട് നേതാക്കളായ മുഹമ്മദ് ഇസ്മായില്‍, മുഹമ്മദ് അനിസ്, അംബേദ്ക്കര്‍ സമാജ് പാര്‍ട്ടി നേതാവ് ഭായ് തേജ്‌സിങ്, എസ്ഡിപിഐ ദേശീയ സെക്രട്ടറി ഡോ. തസ്‌ലീം റഹ്മാനി എന്നിവരാണ് മാധ്യമങ്ങളെ കാണാനിരുന്നത്. ഡല്‍ഹി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലിസും ഒരു വിഭാഗം മാധ്യമങ്ങളും പോപുലര്‍ ഫ്രണ്ടിനെതിരേ അഴിച്ചുവിടുന്ന വ്യാജ വാര്‍ത്തകളുടെ നിജസ്ഥിതി വെളിപ്പെടുത്താനായിരുന്നു വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്.

നൂറു കണക്കിന് നിരപരാധികള്‍ക്കുമേല്‍ ആക്രമം അഴിച്ചുവിടുകയും നൂറുകണക്കിന് വീടുകള്‍ അഗ്നിക്കിരയാക്കുയും കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകള്‍ കൊള്ളയടിക്കും ചെയ്ത യഥാര്‍ത്ഥ ഗൂഢാലോചനക്കാരെയും കുറ്റവാളികളേയും വിദ്വേഷ പ്രചാരകരേയും സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സംഘടനയെ ഇതിലേക്ക് വലിച്ചിഴക്കുന്നത്. കലാപം നടത്തിയ ആര്‍എസ്എസ്/ബിജെപി പ്രവര്‍ത്തകരില്‍നിന്നു ശ്രദ്ധതിരിച്ചുവിട്ട് മുസ്‌ലിംകള്‍ നടത്തിയ അക്രമമാണിതെന്ന് വരുത്തിത്തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന മെഷിനറിയും മനപ്പൂര്‍വ്വം ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

ഡല്‍ഹി സംഘര്‍ഷവുമായി തെറ്റായി ബന്ധിപ്പിച്ച് സംഘടനയുടെ ഡല്‍ഹി പ്രസിഡന്റിനേയും സെക്രട്ടറിയേയും ഓഫിസ് സെക്രട്ടറിയേയും അറസ്റ്റ് ചെയ്ത നടപടി അപലനീയ്യമാണ്. അതേസമയം, എന്തുകൊണ്ടാണ് പ്രസ് മീറ്റ് റദ്ദാക്കിയതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും ഇക്കാര്യത്തില്‍ യാതൊരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും ഒരു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വടക്കുകിഴക്കന്‍ ദില്ലിയില്‍ അക്രമത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ച് പോപുലര്‍ഫ്രണ്ട് ഡല്‍ഹി പ്രസിഡന്റ് പര്‍വേസ് അഹമ്മദ്, സെക്രട്ടറി മുഹമ്മദ് ഇല്ലിയാസ് എന്നിവരെ പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

Tags:    

Similar News