ബുള്ളി ബായ് ആപ്: മുഖ്യ സൂത്രധാരന്‍ നീരജ് ബിഷ്‌ണോയ് അറസ്റ്റില്‍
ഭോപ്പാലിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ രണ്ടാംവര്‍ഷ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് ഇയാള്‍.
ന്യൂഡല്‍ഹി: മുസ്‌ലിം സ്ത്രീകള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേ വിദ്വേഷ പ്രചാരണത്തിന് ലക്ഷ്യമിട്ട് നിര്‍മിച്ച ബുള്ളി ബായ് ആപ് നിര്‍മിച്ചയാള്‍ അറസ്റ്റില്‍. കേസിലെ മുഖ്യ സൂത്രധാരനായ ഇരുപത്തിയൊന്ന് വയസുള്ള ബി ടെക് വിദ്യാര്‍ഥി നീരജ് ബിഷ്‌ണോയിയാണ് അറസ്റ്റിലായത്. അസമില്‍ നിന്നാണ് അറസ്റ്റ്.
ഡല്‍ഹി പോലിസ് സെപ്ഷ്യല്‍ സെല്‍ ഡിസിപി കെ പി എസ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഭോപ്പാലിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ രണ്ടാംവര്‍ഷ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് ഇയാള്‍.
നേരത്തേ മുംബൈ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ബംഗളുരുവില്‍ നിന്ന് 21കാരനായ ബിടെക് വിദ്യാര്‍ഥി വിശാല്‍ ഝാ, ഉത്തരാഖണ്ഡ് സ്വദേശിനിയായ പത്തൊമ്പതുകാരി ശ്വേതാ സിങ്, ബുധനാഴ്ച പുലര്‍ച്ചെയോടെ മായങ്ക് റാവല്‍ (21) എന്നിവരാണ് അറസ്റ്റിലായത്.
ബംഗളുരുവില്‍ നിന്നാണ് ചൊവ്വാഴ്ച ബി ടെക് വിദ്യാര്‍ഥിയായ വിശാല്‍ കുമാറിനെ അറസ്റ്റ് ചെയ്യുന്നത്. ഇരുപത്തിയൊന്നുകാരനായ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഉത്തരാഖണ്ഡ് സ്വദേശിനിയെക്കുറിച്ച് വിവരങ്ങള്‍ കിട്ടിയത്. നേരത്തെ കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതതല സംഘം അന്വേഷണം നടത്തുമെന്ന് അറിയിച്ചിരുന്നു.
സൈബര്‍ സുരക്ഷയ്ക്കുള്ള സിഇആര്‍ടിഐഎന്നിനോട് അന്വേഷണ സംഘം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ സൈബര്‍ സെല്ലുകളുമായി യോജിച്ചാണ് അന്വേഷണം നടത്തുന്നത്. സൈബര്‍ സുരക്ഷയ്ക്കുള്ള കേന്ദ്രത്തിന്റെ നോഡല്‍ ഏജന്‍സിയാണിത്. ബുള്ളി ബായ് ആപ്പ് വഴിയുള്ള വിദ്വേഷ പ്രചാരണത്തിന് മലയാളികള്‍ അടക്കം ഇരയായിരുന്നു.
പ്രശസ്തരായ മുസ്‌ലിം വനിതാ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണമാണ് ബുള്ളി ബായ് എന്ന ആപ്പ് നടത്തി വന്നത്. ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഈ ആപ്പ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് പിന്‍വലിച്ചിരുന്നു.
ജെഎന്‍യുവില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്‌വി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഇസ്മത്ത് ആര, റേഡിയോ ജോക്കി സായിമ, സിഎഎ വിരുദ്ധസമരത്തില്‍ പങ്കാളികളായ ലദീദ, ആയിഷ റെന്ന, ജെഎന്‍യു വിദ്യാര്‍ഥി നേതാവായിരുന്ന ഷെഹല റാഷിദ് തുടങ്ങി നിരവധി മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ സഹിതമായിരുന്നു പ്രചാരണം. കഴിഞ്ഞ വര്‍ഷം സുള്ളി ഡീല്‍സ് എന്ന പേരില്‍ ഇവരുടെ ചിത്രങ്ങള്‍ പങ്കുവച്ച് ഇത്തരത്തില്‍ സമാന പ്രചാരണം നടത്തിയിരുന്നു.

