ബൈക്കിലെത്തിയ സംഘം തോക്കൂചൂണ്ടി പൈലറ്റില്‍നിന്ന് പത്തു ലക്ഷം കവര്‍ന്നു; സംഭവം രാജ്യ തലസ്ഥാനത്ത്

സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സില്‍ പൈലറ്റായ യുവരാജ് സിങ് തേവാതിയ (30) ആണ് കവര്‍ച്ചക്കിരയായത്.

Update: 2020-06-04 08:02 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ബൈക്കിലെത്തിയ അക്രമിസംഘം പൈലറ്റിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൊളളയടിച്ചു. കാര്‍ തടഞ്ഞുനിര്‍ത്തി നടത്തിയ ആക്രമണത്തില്‍ പൈലറ്റിന് നിസാര പരിക്കേറ്റു. കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സില്‍ പൈലറ്റായ യുവരാജ് സിങ് തേവാതിയ (30) ആണ് കവര്‍ച്ചക്കിരയായത്.

ഐഐടി മേല്‍പ്പാലത്തിന് സമീപം ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് കവര്‍ച്ച നടന്നത്. വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് പൈലറ്റ് ആക്രമണത്തിന് ഇരയായത്. പുലര്‍ച്ചെ മൂന്നിന് പുറപ്പെടുന്ന ഡല്‍ഹി-മുംബൈ വിമാനം പിടിക്കാന്‍ ഫരീദാബാദില്‍നിന്ന് വിമാനത്താവളത്തിലേക്ക് വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഫ്‌ളൈ ഓവറില്‍വച്ച് വാഹനം തടഞ്ഞുനിര്‍ത്തിയ മുഖംമൂടി സംഘം ഇരുമ്പ് വടികള്‍ കൊണ്ട് കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും തോക്കിന്‍മുനിയില്‍നിര്‍ത്തി 10 ലക്ഷം രൂപ കൊള്ളയടിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തുളള സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടാനുളള ശ്രമത്തിലാണ് പോലിസ്.

Tags: