സുപ്രിംകോടതി ഇടപെട്ടു; ഡല്‍ഹി മേയര്‍ തിരഞ്ഞെടുപ്പ് ബുധനാഴ്ച

Update: 2023-02-18 13:59 GMT

ന്യൂഡല്‍ഹി: സുപ്രിംകോടതി വിധിക്കു പിന്നാലെ ഡല്‍ഹി മേയര്‍ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ബുധനാഴ്ച രാവിലെ 11 നടക്കും. ഫെബ്രുവരി 22ന് തിരഞ്ഞെടുപ്പ് നടത്താനുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ശുപാര്‍ശ ലഫ്റ്റനന്റ് ഗവര്‍ണര്‍ അംഗീകരിച്ചു. രണ്ടുമാസത്തിനിടെ മൂന്നുതവണയാണ് തിരഞ്ഞെടുപ്പ് മാറ്റിവച്ചത്. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങള്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുണ്ടെന്ന് ബിജെപി അവകാശവാദമുന്നയിച്ചതോടെയാണ് തര്‍ക്കമുണ്ടായതും തിരഞ്ഞെടുപ്പ് മൂന്നുതവണയും മാറ്റിവച്ചതും. ഇതോടെ ആം ആദ്മി പാര്‍ട്ടി കോടതിയെ സമീപിക്കുകയായിരുന്നു.

മേയര്‍ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ടുചെയ്യാന്‍ അനുമതിയില്ലെന്നായിരുന്നു സുപ്രിംകോടതിയുടെ തീര്‍പ്പ്. 24 മണിക്കൂറിനുള്ളില്‍ മേയര്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. നാമനിര്‍ദേശം ചെയ്തവര്‍ക്ക് വോട്ടവകാശമില്ലെന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ലഫ്റ്റനന്റ് ഗവര്‍ണറുടെയും മുനിസിപ്പല്‍ കോര്‍പറേഷന്റെയും വാദം തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. 24 മണിക്കൂറിനുള്ളില്‍ മേയര്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്നും തുടര്‍ന്നുള്ള ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് മേയറുടെ നിയന്ത്രണത്തിലാവണമെന്നും കോടതി പറഞ്ഞു.

പത്തുപേരെയാണ് ഗവര്‍ണര്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് നാമനിര്‍ദേശം ചെയ്തത്. കോര്‍പറേഷന്‍ ഭരണത്തില്‍ സഹായിക്കാന്‍ വിവിധ മേഖലകളിലെ വിദഗ്ധരെയാണ് നാമനിര്‍ദേശം ചെയ്യുന്നത്. ഇവര്‍ക്ക് വോട്ടവകാശമുണ്ടെന്നു ബിജെപിയും, ഇല്ലെന്ന് എഎപിയും സുപ്രിംകോടതിയില്‍ വാദിച്ചു. ഇവര്‍ക്ക് വോട്ടവകാശം നല്‍കി മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി അട്ടിമറിക്ക് ശ്രമിക്കുന്നെന്നാണ് എഎപിയുടെ ആരോപണം. ഡിസംബറില്‍ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയേക്കാള്‍ കൂടുതല്‍ സീറ്റ് നേടിയാണ് എഎപി വിജയിച്ചത്.

Tags:    

Similar News