കൊറോണ പരത്തുന്നുവെന്ന് പറഞ്ഞ് മുസ് ലിം തെരുവുകച്ചവടക്കാരനെ മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍

ബബ്ബാര്‍ തന്റെ മതത്തെക്കുറിച്ച് ചോദ്യം ചെയ്യുകയും കൊറോണ വൈറസ് പടര്‍ത്തുകയാണെന്ന് പറഞ്ഞ് അടിക്കുകയുമാണ ്‌ചെയ്തതെന്ന് പച്ചക്കറി വില്‍പ്പനക്കാരന്‍ പോലിസിനോട് പറഞ്ഞു

Update: 2020-04-14 07:04 GMT

ന്യൂഡല്‍ഹി: കൊറോണ പരത്തുന്നുവെന്ന് പറഞ്ഞ് മുസ് ലിം തെരുവുകച്ചവടക്കാരനെ മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുഹമ്മദ് സലീം എന്ന പച്ചക്കറി വില്‍പ്പനക്കാരനെ തിരിച്ചറിയല്‍ രേഖ കാണിക്കാത്തതിനു മര്‍ദ്ദിക്കുകയും മതപരമായി അധിക്ഷേപിക്കുകയും ചെയ്തതിനാണ് ടൂര്‍ ആന്റ് ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന പ്രവീണ്‍ ബബ്ബാര്‍ എന്നയാളെ അറസ്റ്റ് ചെയ്തത്. ബദര്‍പൂരിനടുത്ത് നടന്ന സംഭവത്തിന്റെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഒരു പച്ചക്കറി വില്‍പ്പനക്കാരനോട് തന്റെ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുന്നതാണു ദൃശ്യത്തിലുള്ളത്. കച്ചവടക്കാരന്‍ മുഹമ്മദ് സലീം എന്ന് പറയുമ്പോള്‍ അദ്ദേഹത്തെ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും തിരിച്ചറിയല്‍ കാര്‍ഡില്ലാതെ പ്രദേശത്തേക്ക് പ്രവേശിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വീഡിയോയില്‍ ഡല്‍ഹി രജിസ്‌ട്രേഷന്‍ നമ്പറുള്ള മോട്ടോര്‍ സൈക്കിള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി. വാഹന ഉടമയായ മോളാര്‍ബാന്‍ഡ് നിവാസി സുധാന്‍ഷുവിനെ കണ്ടെത്തിയതോടെയാണ് പ്രതിയെ കുറിച്ച് വ്യക്തമായതെന്ന് മുതിര്‍ന്ന പോലിസ് ഓഫിസര്‍ ആര്‍ പി മീണ പറഞ്ഞു.

    താജ് പൂര്‍ റോഡിലാണ് സംഭവം നടന്നതെന്നും പച്ചക്കറി വില്‍പ്പനക്കാരനെ മര്‍ദ്ദിച്ച വ്യക്തി പ്രവീണ്‍ ബബ്ബാര്‍ ആണെന്നും സുധാന്‍ഷു പോലിസിനോട് പറഞ്ഞു. പ്രദേശത്ത് ചുറ്റിക്കറങ്ങി പത്തോളം പച്ചക്കറി വില്‍പ്പനക്കാരോട് ലോക്ക്ഡൗണ്‍ നിയമങ്ങള്‍ പാലിക്കാനും അവ അനുസരിക്കാനും താന്‍ ആവശ്യപ്പെട്ടതായി പ്രതി ബബ്ബര്‍ പോലിസിനോട് പറഞ്ഞു. സലീം പോവാതിരുന്നതിനാലാണ് ദേഷ്യപ്പെട്ടതെന്നും ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. എന്നാല്‍, ബബ്ബാര്‍ തന്റെ മതത്തെക്കുറിച്ച് ചോദ്യം ചെയ്യുകയും കൊറോണ വൈറസ് പടര്‍ത്തുകയാണെന്ന് പറഞ്ഞ് അടിക്കുകയുമാണ ്‌ചെയ്തതെന്ന് പച്ചക്കറി വില്‍പ്പനക്കാരന്‍ പോലിസിനോട് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഒരു നിലയ്ക്കും വച്ചുപൊറുപ്പിക്കില്ലെന്നും അത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും ഡിസിപി പറഞ്ഞു. കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രകോപനമുണ്ടാക്കല്‍, വ്യക്തിയെ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെ ആക്രമിക്കല്‍, മതവികാരം വ്രണപ്പെടുത്താന്‍ മനപൂര്‍വ്വം വാക്കുകള്‍ ഉച്ചരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ബദര്‍പൂര്‍ പോലിസ് കേസെടുത്തത്.



Tags: