ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രാജിവച്ചു

Update: 2022-05-18 12:28 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രാജിവച്ചു. രാജ്യതലസ്ഥാനത്തെ കേന്ദ്രത്തിന്റെ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രപതി രാംനാഥ് കോവിന്ദിനാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നു എന്നാണ് കത്തില്‍ അറിയിച്ചിരിക്കുന്നത്.

മുന്‍ഗാമിയായ നജീബ് ജങ് രാജിവച്ചതിനെ തുടര്‍ന്ന് 2016 ഡിസംബറിലാണ് വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ബൈജാല്‍ ലഫ്റ്റനന്റ് ഗവര്‍ണറായി ചുമതലയേറ്റത്. അന്ന് മുതല്‍ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരും ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രവുമായുള്ള ഏറ്റുമുട്ടലിന്റെ കേന്ദ്രബിന്ദു ബൈജാല്‍ ആയിരുന്നു. അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ ബൈജാല്‍ പലതവണ തടഞ്ഞത് ഇരുകൂട്ടരും തമ്മിലുള്ള ഭിന്നത മൂര്‍ച്ഛിക്കാനിടയാക്കി.

Tags: