ഡല്‍ഹിയിലെ ഫൈസിയാബ് മസ്ജിദും മദ്‌റസയും പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവ്

Update: 2024-06-14 13:07 GMT

ന്യൂഡല്‍ഹി: ഹസ്‌റത്ത് നിസാമുദ്ദീനിലെ സരായ് കാലെ ഖാനില്‍ സ്ഥിതി ചെയ്യുന്ന ഫൈസിയാബ് മസ്ജിദും മദ്‌റസയും പൊളിച്ചുമാറ്റാന്‍ ഹൈക്കോടതി ഉത്തരവ്. കെട്ടിടങ്ങള്‍ പൊളിക്കാനുള്ള അധികൃതരുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഫൈസിയാബ് മസ്ജിദും മദ്‌റസയും സമര്‍പ്പിച്ച ഹര്‍ജി അവധിക്കാല ബെഞ്ച് ജഡ്ജി ജസ്റ്റിസ് അമിത് ശര്‍മ തള്ളി. ഒരു മാസത്തിനകം സ്ഥലം ഒഴിയണമെന്നും പൊളിച്ചുമാറ്റുന്നത് തടസ്സപ്പെടുത്താന്‍ ആരും ശ്രമിക്കുന്നില്ലെന്ന് മസ്ജിദ് കെയര്‍ടേക്കര്‍ ഉറപ്പ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലിനു സമീപമാണ് മസ്ജിദും മദ്‌റസയും സ്ഥിതിചെയ്യുന്നത്. ബസ് ടെര്‍മിനല്‍ വികസനത്തിന്റെ ഭാഗമായി ഭൂമിയേറ്റെടുക്കുന്നതിനായാണ് മസ്ജിദും മദ്‌റസയും പൊളിച്ചുമാറ്റാന്‍ ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റി തീരുമാനിച്ചത്. ജൂണ്‍ 13ന് മസ്ജിദും മദ്‌റസയും പൊളിക്കാനുള്ള ഡല്‍ഹി പോലിസിന്റെയും ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിയുടെയും(ഡിഡിഎ) നടപടിയെ ചോദ്യം ചെയ്താണ് ഹരജി നല്‍കിയിരുന്നത്. പൊളിച്ചുമാറ്റുന്നത് നിയമവിരുദ്ധവും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. കൂടാതെ, പൊളിക്കല്‍ തീരുമാനത്തിലേക്ക് നയിച്ച ഉത്തരവുകളുടെ പകര്‍പ്പുകള്‍, യോഗത്തിന്റെ മിനിറ്റ്‌സ്, ഫയല്‍ കുറിപ്പുകള്‍ എന്നിവ അധികാരികള്‍ ഹരജിക്കാരന് നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. നിയമപരമായ പരിഹാരങ്ങള്‍ പിന്തുടരാന്‍ മതിയായ സമയം ആവശ്യപ്പെടുകയും അതുവരെ തല്‍സ്ഥിതി തുടരാന്‍ അനുവദിക്കുണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. പൊതു ആവശ്യത്തിനു വേണ്ടിയായതിനാല്‍ ഹരജിക്കാരന് കൂടുതല്‍ സമയം നീട്ടിനല്‍കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഹരജിക്കാര്‍ക്കു വേണ്ടി അഭിഭാഷകരായ കമലേഷ് കുമാര്‍ മിശ്ര, രേണു എന്നിവരാണ് ഹാജരായത്. എതിര്‍ഭാഗത്തിനു വേണ്ടി അഡ്വ. ശോഭന ടക്കിയാര്‍, സ്റ്റാന്‍ഡിങ് കൗണ്‍സല്‍ കുല്‍ജീത് സിങ്, ഡിഡിഎയ്ക്കു വേണ്ടി അഡ്വ. അരുണ്‍ പന്‍വാര്‍ തുടങ്ങിയവര്‍ ഹാജരായി.

Tags: