സിബിഐ അന്വേഷണവുമായി ലഫ്. ഗവര്‍ണര്‍; മദ്യനയം പിന്‍വലിച്ച് കെജ്‌രിവാള്‍

കെജ്‌രിവാള്‍ സര്‍ക്കാരിന്റെ പുതിയ മദ്യനയം ലൈസന്‍സികള്‍ക്കു വന്‍ ലാഭമുണ്ടാക്കുന്നതും ഖജനാവിനു വലിയ നഷ്ടം വരുത്തിവയ്ക്കുന്നതുമാണെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തിരുന്നു.

Update: 2022-07-30 05:55 GMT

ന്യൂഡല്‍ഹി: മദ്യനയത്തെച്ചൊല്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേനയുമായുള്ള ബലാബലത്തിനൊടുവില്‍, ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി സര്‍ക്കാര്‍ കീഴടങ്ങുന്നു. പുതിയ മദ്യനയം ഒഴിവാക്കി പഴയതു തന്നെ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

കെജ്‌രിവാള്‍ സര്‍ക്കാരിന്റെ പുതിയ മദ്യനയം ലൈസന്‍സികള്‍ക്കു വന്‍ ലാഭമുണ്ടാക്കുന്നതും ഖജനാവിനു വലിയ നഷ്ടം വരുത്തിവയ്ക്കുന്നതുമാണെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ ലഫ്റ്റനന്റ് ഗവര്‍ണറുടെ നിര്‍ദേശപ്രകാരം ഡല്‍ഹി പോലിസിന്റെ ഇക്കണോമിക് ഒഫന്‍സ് വിങ് അന്വേഷണം തുടങ്ങി. സിബിഐയും ഇക്കാര്യത്തില്‍ പരിശോധന നടത്തിവരികയാണ്. അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ പിന്‍മാറ്റം.

ആറു മാസത്തേക്കു പഴയ മദ്യ നയം തന്നെ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കാണ് എക്‌സൈസ് വകുപ്പിന്റെ ചുമതല.

മദ്യനയത്തെച്ചൊല്ലി ലഫ്. ഗവര്‍ണറും സര്‍ക്കാരും പരസ്യ ഏറ്റുമുട്ടലാണ് നടന്നത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നടപടിയെന്നും എഎപി നേതാക്കള്‍ക്കു ജയിലിനെ പേടിയില്ലെന്നുമാണ് കെജ്‌രിവാള്‍ പ്രതികരിച്ചത്.