മനീഷ് സിസോദിയയുടെ വസതിയിലെ സിബിഐ റെയ്ഡ്; 12 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

Update: 2022-08-20 03:37 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിലെ സിബിഐ റെയ്ഡിന് പിന്നാലെ 12 ഐഎഎസ് ഉദ്യോഗസ്ഥരെ ഡല്‍ഹി സര്‍ക്കാര്‍ സ്ഥലം മാറ്റി. മദ്യനയവുമായി ബന്ധപ്പെട്ടാണ് സിസോദിയയുടെ വസതിയില്‍ സിബിഐ 14 മണിക്കൂര്‍ നീണ്ട പരിശോധന നടത്തിയത്. ആരോഗ്യ കുടുംബക്ഷേമ സ്‌പെഷ്യല്‍ സെക്രട്ടറി ഉദിത് പ്രകാശ് റായെ ഭരണപരിഷ്‌കരണ വകുപ്പിന്റെ സ്‌പെഷ്യല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റി. സിസോദിയയാണ് നിലവില്‍ ആരോഗ്യവകുപ്പിന്റെ ചുമതല വഹിക്കുന്നത്. ഉദിത് പ്രകാശ് റായ്ക്ക് പകരം വിജേന്ദ്ര സിങ് റാവത്തിന് ചുമതല നല്‍കി. ഡല്‍ഹി ഫിനാന്‍സ് കോര്‍പറേഷന്റെ മാനേജിങ് ഡയറക്ടറായിരുന്നു വിജേന്ദ്ര സിങ്.

ഡയറക്ടറുടെ (പ്ലാനിങ്) അധിക ചുമതലയും അദ്ദേഹം വഹിക്കും. ഹേമന്ത് കുമാറാണ് ഡിഎഫ്‌സിയുടെ പുതിയ ഡയറക്ടര്‍. ഐടി സെക്രട്ടറിയായി വിവേക് പാണ്ഡെയെ നിയമിച്ചു. ഷുര്‍ബില്‍ സിങ്, ഗര്‍മ ഗുപ്ത, ആഷിഷ്, കൃഷ്ണ കുമാര്‍, കല്യാണ്‍ സഹായ് മീന, സോനല്‍ സ്വരൂപ് എന്നീ ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. രണ്ട് അഴിമതി കേസുകളുമായി ബന്ധപ്പെട്ട് ഒരു എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ സഹായിച്ചതിന്റെ പേരില്‍ റായിക്കെതിരേ നടപടിയെടുക്കാന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന അടുത്തിടെ ആഭ്യന്തര മന്ത്രാലയത്തോട് (എംഎച്ച്എ) ശുപാര്‍ശ ചെയ്തിരുന്നു. അതേസമയം, മനീഷ് സിസോദിയ്‌ക്കെതിരേ ഇഡി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മദ്യനയവുമായി ബന്ധപ്പെട്ട കേസുകളില്‍ 50 ലക്ഷം കൈക്കൂലി നല്‍കിയെന്നും ഇതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടിയെടുക്കണമെന്ന് ഡല്‍ഹി ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന ആവശ്യപ്പെട്ടു. മനീഷ് സിസോദിയയുടെ വസതിയിലുള്‍പ്പെടെ 21 ഇടങ്ങളിലാണ് വെള്ളിയാഴ്ച സിബിഐ റെയ്ഡ് നടന്നത്. മുന്‍ എക്‌സൈസ് കമ്മീഷണര്‍ ആരവ ഗോപികൃഷ്ണ ഐഎഎസിനെതിരെയും അന്വേഷണം നടത്തുന്നുണ്ട്. പ്രതിഷേധങ്ങളെ തുടര്‍ന്ന് രണ്ടാം ആം ആദ്മി സര്‍ക്കാര്‍ അവതരിപ്പിച്ച മദ്യനയം പിന്‍വലിച്ചിരുന്നു.

ക്രമക്കേടും അഴിമതിയും ആരോപിച്ച് ഡല്‍ഹി ഗവര്‍ണര്‍ വി കെ സക്‌സേന കേന്ദ്ര ഏജന്‍സിയോട് വിഷയം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നുണ്ട്. വിജയ് നായര്‍, അരുണ്‍ രാമചന്ദ്രപിള്ള എന്നിവരാണ് പ്രതിചേര്‍ക്കപ്പെട്ടത്. മദ്യവില്‍പ്പനയില്‍ സര്‍ക്കാരിന്റെ നിയന്ത്രണം ഒഴിവാക്കി പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കുമെന്ന നയമാണ് സര്‍ക്കാര്‍ നവംബറില്‍ അവതരിപ്പിച്ചത്. പുതിയ നയം സര്‍ക്കാരിന് വലിയ നഷ്ടമുണ്ടാക്കും, യോഗ്യതയില്ലാത്തവര്‍ മദ്യവില്‍പ്പനയിലേക്ക് കടന്നുവരും, ആം ആദ്മി മദ്യലോബികളില്‍ നിന്ന് കൈക്കൂലി വാങ്ങി എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

തുടര്‍ന്ന് ജൂലൈ 30ന് സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകളിലൂടെ മാത്രമെ മദ്യവില്‍പ്പന നടത്തുകയുള്ളൂയെന്ന് മനീഷ് സിസോദിയ പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം, സിബിഐയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് മനീഷ് സിസോദിയ ആരോപിക്കുന്നത്. അഴിമതി നടത്താത്തതിനാല്‍ ഭയമില്ലെന്നും സിബിഐ അന്വേഷണവുമായി സഹകരിക്കുമെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി പറഞ്ഞു. കേസില്‍ സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കെതിരേയാണ് സിബിഐ കേസെടുത്തിട്ടുള്ളത്. മനീഷ് സിസോദിയ ആണ് കേസിലെ ഒന്നാം പ്രതി.

Tags: