അജ്ഞാത രോഗം: കാരണം തേടി ഡല്‍ഹിയില്‍ നിന്നും ആരോഗ്യ വിദഗ്ധര്‍ ആന്ധ്രയിലേക്ക്

Update: 2020-12-08 13:06 GMT

എല്ലൂര്‍: ആന്ധ്രാപ്രദേശിലെ എല്ലൂരില്‍ അജ്ഞാത രോഗം പടര്‍ന്ന് നിരവധി പേര്‍ ചികില്‍സയില്‍. 400ലധികം പേര്‍ക്ക് ഇതിനോടകം രോഗം ബാധിച്ചുകഴിഞ്ഞു. ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി പേര്‍ ഗുരുതരാവസ്ഥയി. അസുഖത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹിയില്‍ നിന്നും ആരോഗ്യ വിദഗ്ധരെ ആന്ധ്രയിലേക്ക് അയച്ചു.

അപസ്മാരം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളാണ് രോഗികളില്‍ പ്രകടമാകുന്നത്. ഇതെല്ലാം പ്രകടമായാല്‍ രോഗബാധിതര്‍ പൂര്‍ണ്ണമായും അബോധാവസ്ഥയിലേക്ക് എത്തുകയാണ്. രോഗികള്‍ പെട്ടെന്ന് നിലത്ത് വീഴുക, ക്ഷീണം, വിറയല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായതായി ജില്ലാ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മിക്ക രോഗികള്‍ക്കും ഇത്തരത്തിലുള്ള യഥാര്‍ത്ഥ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ 'ഇത് എന്താണെന്ന് നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും' ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരെയാണ് അന്വേഷണത്തിനായി സര്‍ക്കാര്‍ അയച്ചത്. വിശകലനത്തിനായി ഭക്ഷ്യ എണ്ണ, അരി, രക്തം, മൂത്രം എന്നിവയുടെ സാംപിളുകളുടെ സംഘം ശേഖരിക്കുകയും ചെയ്യുന്നുണ്ട്.

കീടനാശിനിയിലും മറ്റുമുള്ള ഓര്‍ഗാനോക്ലോറിന്‍ എന്ന ഘടകമാണോ ആളുകള്‍ കുഴഞ്ഞു വീഴുന്ന രോഗത്തിന് പിന്നിലിണ്ടോയെന്നും വിദഗ്ദ്ധര്‍ സംശയിക്കുന്നുണ്ട്. കീടനാശിനികളിലും കൊതുക് നശീകരണികളിലും വ്യാപകമായി ഉപയോഗിക്കുന്ന ഘടകമാണ് ഓര്‍ഗാനോക്ലോറിന്‍. രോഗകാരണം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് നിന്നും വെള്ളത്തിന്റെയും പാലിന്റെയും സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.