ഡല്‍ഹിയിലെ കൊവിഡ് മരണം: മൃതദേഹം സംസ്‌കരിക്കുന്നതിനു ശ്മശാനത്തില്‍ വിലക്ക്
വെള്ളിയാഴ്ച മരണപ്പെട്ട ഇവരുടെ മൃതദേഹം ഇന്ന് ശ്മശാനത്തിലേക്ക് കൊണ്ടുപോയപ്പോഴാണ് അവഗണന
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്-19 ബാധിച്ച് രണ്ടാമത് മരണപ്പെട്ട വയോധികയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനു ഡല്‍ഹിയില്‍ ശ്മശാന അധികൃതരുടെ വിലക്ക്. കൊവിഡ്-19 ബാധിച്ച് മരണപ്പെട്ട 68 കാരിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനെയാണ് നിഗംബോധിലെ ശ്മശാനം അധികൃതര്‍ തടസ്സപ്പെടുത്തിയതെന്ന് ജാനക്പുരിയില്‍ നിന്നുള്ള കുടുംബാംഗങ്ങള്‍ ആരോപിച്ചു. സംസ്‌കാരത്തിനായി മൃതദേഹം മറ്റേതെങ്കിലും സ്ഥലത്തേക്ക് കൊണ്ടുപോകവാനായിരുന്നു അവരുടെ നിര്‍ദേശം. വെള്ളിയാഴ്ച മരണപ്പെട്ട ഇവരുടെ മൃതദേഹം ഇന്ന് ശ്മശാനത്തിലേക്ക് കൊണ്ടുപോയപ്പോഴാണ് അവഗണന. മൃതദേഹം അവിടെ സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ശ്മശാനം അധികൃതര്‍.
വിദേശത്തുണ്ടായിരുന്ന മകന്‍ തിരിച്ചെത്തിയ ശേഷമാണ് 68 കാരിയെ പ്രമേഹവും രക്തസമ്മര്‍ദ്ദവും പനിയും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കൊവിഡ്-19 ആണെന്ന് രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ഫെബ്രുവരി 5നും 22നും മധ്യേ സ്വിറ്റ്‌സര്‍ലന്റിലേക്കും ഇറ്റലിയിലേക്കും യാത്ര ചെയ്ത് തിരിച്ചെത്തിയ മകനുമായി സ്ത്രീ അടുത്തിടപഴകിയിട്ടുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ഫെബ്രുവരി 23നാണ് സ്ത്രീയുടെ മകന്‍ ഇന്ത്യയിലെത്തിയത്. ആദ്യം രോഗലക്ഷണമില്ലായിരുന്നെങ്കിലും പിന്നീട് പനിയും ചുമയും വരികയും മാര്‍ച്ച് 7 ന് രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ റിപോര്‍ട്ട് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോള്‍ അനുസരിച്ച് കുടുംബം പരിശോധന നടത്തുകയും ചെയ്തു. ഇരുവര്‍ക്കും പനിയും ചുമയും ഉള്ളതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ ഉണ്ടായിരുന്നു. മാര്‍ച്ച് എട്ടിന് ഇവരുടെ സാംപിള്‍ ശേഖരിച്ചു. പിറ്റേന്ന് തന്നെ ആരോഗ്യനില വഷളായി. മാര്‍ച്ച് 9 മുതല്‍ ശ്വാസകോശ സംബന്ധമായ ചില ബുദ്ധിമുട്ടുകള്‍ ഏറിയതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. മാര്‍ച്ച് 13 നാണ് മരണം സ്ഥിരീകരിച്ചതെന്നും ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച കര്‍ണാടകയിലാണ് ഇന്ത്യയിലെ ആദ്യ കൊവിഡ്-19 മരണം റിപോര്‍ട്ട് ചെയ്തത്. രാജ്യത്താകമാനം 83 കേസുകള്‍ റിപോര്‍ട്ട് ചെയ്തതില്‍ ഡല്‍ഹിയില്‍ ഏഴ് കേസുകളാണുള്ളത്.
