കാമുകിയെ വെടിവച്ച ശേഷം പോലിസുകാരന്‍ ഭാര്യാപിതാവിനെ വെടിവച്ച് കൊന്നു

Update: 2020-09-28 09:25 GMT
ന്യൂഡല്‍ഹി: കാമുകിയെ വെടിവച്ച് പരിക്കേല്‍പ്പിച്ച് ഓടി രക്ഷപ്പെട്ട പോലിസുകാരന്‍ ഭാര്യാപിതാവിനെ വെടിവച്ച് കൊന്നു. ഡല്‍ഹി പോലിസില്‍ സബ് ഇന്‍സ്‌പെക്ടറായ സന്ദീപ് ദാഹിയയാണ് ഇന്നലെ രാത്രി ഹരിയാനയിലെ റോഹ്തക്കില്‍ വച്ച് തന്റെ ഭാര്യാപിതാവിനെ വെടിവച്ച് കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു. വെടിവയ്ക്കാന്‍ ഉപയോഗിച്ച സര്‍വീസ് റിവോള്‍വറുമായി പോലിസ് ഉദ്യോഗസ്ഥന്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താന്‍ പോലിസ് ശ്രമം ഊര്‍ജ്ജിതമാക്കിയതായി പോലിസ് അറിയിച്ചു.

    ഭാര്യയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സന്ദീപ് ദാഹിയ ഭാര്യയുടെ മാതൃവീട്ടില്‍ പോയിരുന്നെങ്കിലും അവിടെയുണ്ടായിരുന്ന പിതാവ് രണ്‍വീര്‍ സിങ്ങിനെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. 36 കാരനായ സന്ദീപ് ദാഹിയയും ഭാര്യയും തമ്മില്‍ വേര്‍പിരിഞ്ഞതിനാല്‍ വെവ്വേറേയാണ് താമസം. കഴിഞ്ഞ ഒരു വര്‍ഷമായി ദാഹിയയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. വടക്കന്‍ ഡല്‍ഹിയിലെ അലിപൂര്‍ പ്രദേശത്തെ ജിടി കര്‍ണാല്‍ റോഡില്‍ കാറില്‍ വരുന്നതിനിടെ ഞായറാഴ്ച ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും യുവതിക്കു നേരെ ദാഹിയ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സായ് മന്ദിര്‍ റോഡ് ക്രോസിങ്ങില്‍ വച്ച് അവിടെയുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ ജൈവീര്‍ ണാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് ലാഹോരി ഗേറ്റ് പോലിസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ദാഹിയയാണ് തന്നെ വെടിവച്ചതെന്ന് യുവതി പറഞ്ഞതായി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ഗൗരവ് ശര്‍മ പറഞ്ഞു. യുവതിയുടെ നില മെച്ചപ്പെട്ടതായും പ്രതിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും പോലിസ് അറിയിച്ചു.

Delhi Cop Kills Father-In-Law A Day After Allegedly Shooting Girlfriend



Tags: