കോഹ്‌ലിയുടെ മകള്‍ക്ക് നേരേ ബലാല്‍സംഗ ഭീഷണി; പോലിസിനോട് റിപോര്‍ട്ട് തേടി ഡല്‍ഹി വനിതാ കമ്മീഷന്‍
ന്യൂഡല്‍ഹി: മുഹമ്മദ് ഷമിയെ പിന്തുണച്ചതിന്റെ പേരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഒമ്പത് മാസം മാത്രം പ്രായമായ മകള്‍ക്ക് നേരേ ബലാല്‍സംഗ ഭീഷണി മുഴക്കിയ സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്റെ ഇടപെടല്‍. സാമൂഹികമാധ്യമങ്ങളിലൂടെ ബലാല്‍സംഗ ഭീഷണി മുഴക്കിയെന്ന പരാതിയെക്കുറിച്ച് പോലിസിനോട് ഡല്‍ഹി വനിതാ കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നടപടിയെടുത്ത റിപോര്‍ട്ട് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ ഡല്‍ഹി പോലിസിന് നോട്ടീസ് അയച്ചതായി എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു. വിവാദ ട്വീറ്റ് നീക്കം ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ട്വന്റി-20 ലോകകപ്പില്‍ പാകിസ്താനോട് ഇന്ത്യ തോറ്റതിന് പിന്നാലെയാണ് മുഹമ്മദ് ഷമിയുടെ മതത്തെ ഉയര്‍ത്തിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ തീവ്ര ഹിന്ദുത്വര്‍ വിദ്വേഷപ്രചാരണങ്ങള്‍ നടന്നത്. ഇതോടെ ഷമിക്ക് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഒന്നാകെ രംഗത്തെത്തി. കൂട്ടത്തില്‍ വിരാട് കോഹ്‌ലിയുമുണ്ടായിരുന്നു. മതത്തിന്റെ പേരില്‍ വേര്‍തിരിവ് എന്ന ചിന്തപോലും തന്നിലുണ്ടായിട്ടില്ലെന്ന് കോഹ്‌ലി പറഞ്ഞു.
ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി ജയിച്ച കളികളെക്കുറിച്ച് അറിവില്ലാത്തവരാണ് അവരുടെ അസ്വസ്ഥതകള്‍ ഈ വിധം തീര്‍ക്കുന്നത്. അങ്ങനെയുള്ളവര്‍ക്ക് വേണ്ടി എന്റെ ജീവിതത്തിലെ ഒരു മിനിറ്റ് പോലും കളയാന്‍ തയ്യാറല്ലെന്നും കോഹ്‌ലി വ്യക്തമാക്കിയിരുന്നു. മുഹമ്മദ് ഷമിക്ക് കോഹ്‌ലി പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോഹ്‌ലിക്കെതിരേയും സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ കമന്റുകള്‍ നിറഞ്ഞത്. എന്നാല്‍, കോഹ്‌ലിയുടെ ഒമ്പത് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് നേര്‍ക്ക് ബലാല്‍സംഗ ഭീഷണി ഉയര്‍ന്നതിന് എതിരെ രൂക്ഷമായി പ്രതികരിച്ച് ആരാധകര്‍ എത്തുന്നു.
