പിന്തിരിയാതെ പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍; ഡല്‍ഹി ചലോ മാര്‍ച്ച് മൂന്നാം ദിവസത്തിലേക്ക്

Update: 2020-11-28 05:14 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ച് മൂന്നാം ദിവസത്തിലേക്ക്. നിലവില്‍ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. സമരം അടിച്ചമര്‍ത്താന്‍ പോലിസ് ശ്രമിക്കുന്നതിനെ തുടര്‍ന്ന് കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തുമെന്നാണ് വിവരം. പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിലെ കര്‍ഷകര്‍ക്ക് മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്ന് ശക്തമായ പിന്തുണയാണ് ലഭിച്ചത്.

ഡല്‍ഹി- ഹരിയാന അതിര്‍ത്തിയിലുെ സോണിപട്ടിലെയും ജജ്ജറിലെയും ഇന്നലെ മണിക്കൂറുകളോളം ടിയര്‍ഗാസ് ഷെല്ലുകളും ജലപീരങ്കികളുമായും പോരാടിയ ശേഷം ആയിരക്കണക്കിന് കര്‍ഷകരെ അതിര്‍ത്തിയിലൂടെ കടന്ന് വടക്ക്-പടിഞ്ഞാറന്‍ ബുറാരിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജലപീരങ്കി പ്രയോഗവും കൊടുംതണുപ്പും വകവയ്ക്കാതെ മുന്നോട്ടുപോകാന്‍ തന്നെയുള്ള തീരുമാനത്തിലാണ് കര്‍ഷകര്‍. അരലക്ഷത്തോളം കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.

വടക്കന്‍ ഡെല്‍ഹിയിലെ ബുറാഡിയില്‍ സമരത്തിന് സ്ഥലം നല്‍കാമെന്ന പൊലീസ് നിര്‍ദേശം അംഗീകരിച്ച് ഒരു വിഭാഗം കര്‍ഷകര്‍ വെള്ളിയാഴ്ച ഡല്‍ഹിയിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ ജന്തര്‍മന്ദിറിലോ, രാംലീലാ മൈതാനിയിലോ സമരത്തിന് സ്ഥലം നല്‍കണമെന്ന നിലപാടില്‍ ഉറച്ച് വലിയൊരു വിഭാഗം കര്‍ഷകര്‍ ഇപ്പോഴും ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ തുടരുകയാണ്. മാര്‍ച്ചിന്റെ രണ്ടാം ദിനമായ ഇന്നലെ വലിയ സംഘര്‍ഷങ്ങള്‍ക്കായിരുന്നു വഴിവെച്ചത്. അതിര്‍ത്തിയായ സിംഗുവില്‍ എത്തിയ കര്‍ഷകര്‍ക്ക് നേരെ പലതവണ പൊലീസ് നടപടിയുണ്ടായി. അതേസമയം, സമരം അവസാനിപ്പിക്കണമെന്നും ഡിസംബര്‍ 3 ന് ചര്‍ച്ചയാകാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നിയമം പിന്‍വലിക്കാതെ ഇനി സമരം അവസാനിപ്പിക്കില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍.