ഡല്‍ഹിയില്‍ തെരുവുനായ സംരക്ഷണ പ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദ്ദനം(വീഡിയോ)

സംഭവത്തില്‍ കേസെടുത്തതായും ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ പറഞ്ഞു

Update: 2020-07-05 03:02 GMT

ന്യൂഡല്‍ഹി: തെരുവുനായകളെ സംരക്ഷിക്കുന്ന സന്നദ്ദസംഘടനാ പ്രവര്‍ത്തകര്‍ക്കു നേരെ ക്രൂരമര്‍ദ്ദനം. റാണി ബാഗ് പ്രദേശത്ത് വെള്ളിയാഴ്ചയാണ് യുവതി ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റത്. ഡല്‍ഹിയിലെ 'നെയ്ബര്‍ഹുഡ് വൂഫ്' എന്ന എന്‍ജിഒ നടത്തുന്ന ആയിഷാ ക്രിസ്റ്റീന, സഹപ്രവര്‍ത്തകരായ വിപിന്‍, അഭിഷേക്, ദീപക് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മുഖത്തും ദേഹത്തും ചോരയൊലിക്കുന്ന വിധത്തില്‍ പോലിസ് സ്‌റ്റേഷനില്‍ നിന്ന് ആയിഷാ ക്രിസ്റ്റീന വീഡിയോ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. എന്നാല്‍, സംഭവത്തില്‍ കേസെടുക്കാന്‍ പോലിസ് ആദ്യം തയ്യാറായില്ലെന്നും ആരോപണമുണ്ട്.

    ആയിഷ ക്രിസ്റ്റിനയും സഹപ്രവര്‍ത്തകരും ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഡല്‍ഹി ആസാദ്പൂര്‍ പോലിസ് സ്‌റ്റേഷനിലുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 'ഞാന്‍ ആസാദ്പൂര്‍ പോലിസ് സ്‌റ്റേഷനില്‍ നില്‍ക്കുകയാണ്. നായകളെ സഹായിക്കുന്നതിനിടെ ഞങ്ങളെ ഒരുസംഘം മര്‍ദ്ദിക്കുകയായിരുന്നു. പ്രദേശവാസികളില്‍ ചിലര്‍ വന്ന് ഞങ്ങളുടെ ജീവനക്കാരോട് മോശമായി സംസാരിച്ചു. ഞങ്ങള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴേക്കും മര്‍ദ്ദിക്കുകയായിരുന്നു. ഇതാണ് ഞങ്ങളോട് ചെയ്തത്'- മുഖവും രക്തത്തില്‍ കുതിര്‍ന്ന വസ്ത്രങ്ങളും ചൂണ്ടിക്കാട്ടി ആയിഷ ക്രിസ്റ്റീന പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ സഹപ്രവര്‍ത്തകരായ വിപിന്‍, അഭിഷേക്, ദീപക് എന്നിവരെയും അക്രമികള്‍ തകര്‍ത്ത കാറും വീഡിയോയില്‍ കാണിക്കുന്നുണ്ട്. യുവാക്കളുടെ വസ്ത്രങ്ങളും മറ്റും കീറുകയും മര്‍ദ്ദനമേറ്റ നിലയിലുമായിരുന്നു. ഇത്തരം കാര്യങ്ങള്‍ ഇപ്പോള്‍ നമ്മുടെ രാജ്യത്ത് പതിവാണെന്നും ആയിഷ പറയുന്നു. സംഭവത്തില്‍ അലംഭാവം കാട്ടിയ പോലിസ് ഉദ്യോഗസ്ഥരെയും യുവതി കാമറയിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

   


സംഭവത്തില്‍ കേസെടുത്തതായും ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ പറഞ്ഞു. 'ദൈവത്തിന്റെ ശബ്ദമില്ലാത്ത സൃഷ്ടികള്‍ക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു പെണ്‍കുട്ടിയെ ഇത്ര ക്രൂരമായി ആക്രമിച്ചത് വളരെ ലജ്ജാകരമാണ്. വനിതാ കമ്മീഷന്‍ അംഗങ്ങള്‍ അവളുമായി നിരന്തരം ബന്ധപ്പെടുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ശക്തമായ നടപടി ഉറപ്പാക്കുമെന്നും സ്വാതി മാലിവാള്‍ ട്വീറ്റ് ചെയ്തു. സംഭവത്തില്‍ ഐപിസി 323, 341, 506, 427 വകുപ്പുകള്‍ പ്രകാരം പ്രദേശവാസികള്‍ക്കെതിരേ കേസെടുത്തതായി ഡല്‍ഹി പോലിസ് അറിയിച്ചു.

    ജൂലൈ 3ന് രാത്രി 10.30ഓടെയാണു സംഭവം. രാത്രികാലമായതിനാല്‍ പ്രദേശവാസികള്‍ എന്‍ജിഒ അംഗങ്ങളുടെ വ്യക്തിത്വം അന്വേഷിച്ചതിനെ തുടര്‍ന്നാണു തര്‍ക്കമുണ്ടായതെന്നാണ് പോലിസ് പറയുന്നത്. പ്രദേശവാസികള്‍ അവരോട് ഐഡന്റിറ്റി ചോദിച്ചതിനെ തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായി. അതിനുശേഷം എന്‍ജിഒയില്‍ നിന്നുള്ളവര്‍ കാറില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മൂന്ന് പ്രദേശവാസികള്‍ക്ക് കാറിടിച്ച് ചെറിയ പരിക്കേല്‍ക്കുകയായിരുന്നുവെന്നും പോലിസ് പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡല്‍ഹി പോലിസ് അറിയിച്ചു.




Similar News