സുപ്രിംകോടതി ഉത്തരവ് ലംഘിച്ച് യുപി കോടതി; സിദ്ദിഖ് കാപ്പനെ കാണാൻ അഭിഭാഷകന് അനുമതിയില്ല

Update: 2020-10-19 11:12 GMT

ന്യൂഡൽഹി: ഹാഥ്റസ് സംഭവം റിപോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ കാണാൻ അഭിഭാഷകന് അനുമതി നിഷേധിച്ച് മഥുര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. കേരള യൂനിയൻ വർക്കിങ് ജേണലിസ്റ്റ് (കെയുഡബ്ല്യുജെ) സമർപ്പിച്ച അപേക്ഷ മഥുര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സിജെഎം) അഞ്ജു രജ്പുത് തള്ളി.

സിദ്ദിഖ് കാപ്പന്റെ പേരിൽ സുപ്രിംകോടതിയിൽ സമർപ്പിച്ച റിട്ട് ഹരജിയിൽ ഭേദ​ഗതി വരുത്തുന്നതിന് അദ്ദേഹത്തെ കാണാൻ അനുമതി നൽകണമെന്നാണ് കെയുഡബ്ല്യുജെ ഡൽഹി ഘടകം ഭാരവാഹികൾ മഥുര സിജെഎം മുമ്പാകെ സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടത്. ഇതേ ആവശ്യം ഉന്നയിച്ച് സിദ്ദിഖ് കാപ്പന്റെ അഭിഭാഷകൻ വിൽസ് മാത്യൂസ് മഥുര ജയിലിൽ പോയെങ്കിലും ജയിലധികൃതർ അനുവദിച്ചിരുന്നില്ല.

അദ്ദേഹത്തിന്റെ അമ്മ, 90 വയസ്സുള്ള ഖദീജ കുട്ടിയും, ഭാര്യ റൈഹനാത്തും കുട്ടികളും, അറസ്റ്റിന്റെ കാരണങ്ങളെക്കുറിച്ച് തികച്ചും അജ്ഞരാണെന്നും അദ്ദേഹവുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നും കെ‌യു‌ഡബ്ല്യുജെ സി‌ജെ‌എമ്മിന്റെ ശ്രദ്ധയിൽപ്പെടുത്തി. അറസ്റ്റിന് മുമ്പ് അവരോട് സംസാരിക്കാൻ പോലിസ് അനുവദിച്ചില്ലെന്നും അറസ്റ്റിന് ശേഷം ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തിന്റെ അമ്മ ഗുരുതരാവസ്ഥയിലാണെന്നും കെഡബ്ല്യുജെ അവരുടെ ഹരജിയിൽ പറഞ്ഞു.

കെയുഡബ്ല്യുജെ ഭാരവാഹികളായ പികെ മണികണ്ഡൻ, പ്രശാന്ത് എം നായർ, അനിൽ വി ആനന്ദ് എന്നിവരാണ് അഭിഭാഷകനൊപ്പം വെള്ളിയാഴ്ച കാപ്പനെ 30 മിനിറ്റ് കാണാൻ അനുമതി തേടിയത്. കാപ്പന് തന്റെ ഉമ്മയേയും ഭാര്യയേയും വാട്‌സ്ആപ്പ് വീഡിയോ കാൾ വഴി കാണാനുള്ള അനുമതിയും സിജെഎം നിരസിച്ചു. ഒക്ടോബർ 5 മാണ് അഴിമുഖത്തിൽ റിപോർട്ടറായ സിദ്ദിഖ് കാപ്പനെ യുപി പോലിസ് അറസ്റ്റു ചെയ്തത്.