സിഎഎ പ്രക്ഷോഭക്കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം; സംസ്ഥാന സര്‍ക്കാരിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

Update: 2024-03-29 17:43 GMT
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമ(സിഎഎ)ത്തിനെതിരേ സമാധാനപരമായി പ്രക്ഷോഭം നടത്തിയ സംഭവത്തില്‍ സംസ്ഥാന വ്യാപകമായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കേസുകള്‍ പിന്‍വലിച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണോയെന്നതു സംബന്ധിച്ച് ഉടന്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. സംസ്ഥാനത്ത് സിഎഎയ്‌ക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ തന്നെ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച് നിരവധി മുസ് ലിം സംഘടനകള്‍ അടക്കമുള്ളവര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും 835 കേസുകളില്‍ നൂറില്‍ താഴെ കേസുകളാണ് ആദ്യഘട്ടത്തില്‍ പിന്‍വലിച്ചിരുന്നത്. ആവശ്യം ശക്തമായതോടെ ഗുരുതരമല്ലാത്ത കേസുകള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലിസ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരേ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. മാര്‍ച്ച് 14ന് വൈകീട്ട് മൂന്നോടെയാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. ഇതിന് ശേഷമാണോ സിഎഎ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനമുണ്ടായതെന്നാവും പ്രധാനമായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുക.
Tags:    

Similar News