ഡിസംബര്‍ 15: സിറാജുന്നിസയുടെ നീറുന്ന ഓര്‍മകള്‍ക്ക് 31 വര്‍ഷം

Update: 2022-12-15 04:23 GMT

കോഴിക്കോട്: പാലക്കാട്ടെ മണ്ണിനിപ്പോഴും ആ മണമുണ്ട്. സിറാജുന്നിസ എന്ന പതിനൊന്നുകാരിയുടെ ചോരയുടെ മണം. കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആ കുരുന്നുബാലികയെ നീതിയുടെ കാവലാളന്‍മാര്‍ വെടിവച്ചുകൊന്നിട്ട് ഇന്നേക്ക് 31 വര്‍ഷം. തലയോട്ടി പിളര്‍ത്തൊരു വെടിയുണ്ട ജീവനെടുക്കുമ്പോഴും തനിക്കെന്താണ് സംഭവിക്കുന്നതെന്നറിയാതെ ഉറ്റുനോക്കിയ ആ കണ്ണുകളിലെ നോവ് ഇന്നും വേട്ടയാടിക്കൊണ്ടിരിക്കുകയാണ് കേരളത്തിന്റെ മനസ്സാക്ഷിയെ. ഇന്ത്യയില്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ വിത്തുവിതച്ച, അന്നത്തെ ബിജെപി അധ്യക്ഷന്‍ മുരളീ മനോഹര്‍ ജോഷി നയിച്ച 'ഏകതാ യാത്ര' എന്ന പേരിലുള്ള രഥയാത്ര നടന്ന 1991 ഡിസംബറിലെ 15ാം തിയ്യതി.

യാത്ര പാലക്കാടുകൂടി കടന്നുപോയ സമയമായിരുന്നു അത്. ഇന്ത്യയുടെ നെഞ്ചില്‍ വര്‍ഗീയതയുടെ കാരമുള്ളുകള്‍ വിതറിയായിരുന്നു ആ രഥം ഉരുണ്ടുകൊണ്ടിരുന്നത്. സംഘപരിവാര്‍ ഉയര്‍ത്തിവിട്ട മുസ്‌ലിം വിരുദ്ധ വിഷം ജോഷിയുടെ യാത്രയെത്തുന്ന ഇടങ്ങളിലെല്ലാം സംഘര്‍ഷഭരിതമായ അന്തരീക്ഷമുണ്ടാക്കി. നഗരത്തിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിരുന്ന പുതുപ്പള്ളി നഗറില്‍ പോലിസ് തമ്പടിച്ചിരുന്നു. അതുകൊണ്ടുതന്നെ ആളുകള്‍ ഭീതി മൂലം വീടിനകത്തുതന്നെ ഒതുങ്ങിക്കൂടുകയായിരുന്നു. പുതുപ്പള്ളിയിലെ സാഹചര്യങ്ങള്‍ ഏറെക്കുറെ ശാന്തവും നിയന്ത്രണവിധേയവുമായിരുന്നു. അപ്പോള്‍ വീട്ടുമുറ്റത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ആ പതിനൊന്നുകാരി.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പോലിസ് ആക്ഷന്‍ ആവശ്യമില്ലെന്നും എഎസ്പി സന്ധ്യ രമണ്‍ ശ്രീവാസ്തവയെ (അന്നത്തെ ഡിഐജി) അറിയിച്ചതാണ്. എന്നാല്‍, 'എനിക്ക് മുസ്‌ലിം തെമ്മാടികളുടെ മൃതദേഹങ്ങള്‍ വേണം' (I want the dead bodies of Muslim bastards) എന്ന് ആക്രോശിച്ചുകൊണ്ട് ഡിഐജി പോലിസ് വെടിവയ്പ്പിന് ഉത്തരവിടുകയാണുണ്ടായതെന്ന് ആരോപണം നിലനില്‍ക്കുന്നു. സിറാജുന്നിസയുടെ മൂക്കിനടിയിലൂടെ തുളച്ചുകയറിയ വെടിയുണ്ട തലയ്ക്കു പിന്നിലൂടെ പുറത്തേക്ക് വരികയും തല്‍സ്ഥാനത്ത് വച്ചുതന്നെ അവള്‍ മരണപ്പെടുകയുമാണുണ്ടായത്. അതിന് ശേഷമുണ്ടായിട്ടുള്ള ഭയാനകമായ ഹിംസ പോലിസ് സംവിധാനത്തിനകത്ത് അന്തര്‍ലീനമായി കിടക്കുന്ന വലിയ തരത്തിലുള്ള മുസ്‌ലിം വിരുദ്ധതയെയും മുസ്‌ലിംകളോടുള്ള നിസ്സംഗ മനോഭാവത്തെയും തുറന്നുകാട്ടുന്ന ഒന്നായിരുന്നു.

ചോരയില്‍ കുതിര്‍ന്ന് പിടഞ്ഞ സിറാജുന്നിസയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ച ആളുകളെയൊക്കെയും അതിന് സമ്മതിക്കാതെ അടിച്ചൊതുക്കുകയാണുണ്ടായത്. അവരെയൊക്കെ പിന്നീട് കലാപകാരികളായി മുദ്ര കുത്തുകയും ചെയ്തു. പുതുപ്പള്ളിത്തെരുവില്‍ നിന്ന് ആയുധങ്ങളുമായി നൂറണി ഗ്രാമത്തിലേക്ക് 300 ഓളം വരുന്ന മുസ്‌ലിം കലാപകാരികള്‍ പുറപ്പെട്ടെന്നും അക്കൂട്ടത്തില്‍ സിറാജുന്നിസയുമുണ്ടായിരുന്നു എന്നുമാണ് പിന്നീട് പോലിസ് എഫ്‌ഐആറില്‍ എഴുതിച്ചേര്‍ത്തത്. ഇല്ലാത്ത ഇലക്ട്രിക് പോസ്റ്റില്‍ തട്ടി ചീളുകളായി തെറിച്ച വെടിയുണ്ടയാണ് സിറാജുന്നിസയുടെ തലയില്‍ കൊണ്ടതെന്നാണ് ജസ്റ്റിസ് യോഹന്നാന്‍ കമ്മീഷനും 'കണ്ടെത്തി'യത്.

പുതുപ്പള്ളിത്തെരുവില്‍ സംഭവം നടക്കുമ്പോള്‍ പാലക്കാട് കലക്ടറേറ്റില്‍ മന്ത്രി ടി എം ജേക്കബിന്റെ അധ്യക്ഷതയില്‍ ഒരു അവലോകന യോഗം നടക്കുകയായിരുന്നു. കലക്ടര്‍മാര്‍ക്ക് പോലിസ് വയര്‍ലസ് അന്നുണ്ടായിരുന്നു. വെടിവയ്ക്കാനുള്ള ആക്രോശം വയര്‍ലസിലൂടെ കേട്ട മന്ത്രി കലക്ടറോട് വയര്‍ലസ് ഓണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. വയര്‍ലസിലൂടെ മുഴങ്ങിക്കേട്ട ആക്രോശത്തിന് കെ ഇ ഇസ്മായില്‍, വി സി കബീര്‍, കെ കൃഷ്ണന്‍കുട്ടി തുടങ്ങിയ നേതാക്കള്‍ സാക്ഷികളായിരുന്നു. എന്നാല്‍, ആരും എവിടെയും സാക്ഷി പറഞ്ഞില്ല.

കൊളക്കാടന്‍ മൂസാ ഹാജി സുപ്രിംകോടതി വരെ കേസ് നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. കേരളത്തിലെത്തിയ ഐപിഎസുകാരില്‍ ഏറ്റവും അധികം വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിധേയനായ പോലിസ് ഉദ്യോഗസ്ഥനാണ് രമണ്‍ ശ്രീവാസ്തവ. 1973 ലെ കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ രമണ്‍ ശ്രീവാസ്തവ, അലഹബാദ് സ്വദേശിയാണ്. സംസ്ഥാന പോലിസ് മേധാവിയായിരുന്ന ശ്രീവാസ്തവ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ആയാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.

ഔദ്യോഗിക ജീലിത കാലയളവ് പിന്നിട്ടും ഒരു കുഞ്ഞുജീവനെടുത്ത ആ ഐപിഎസ് ഉദ്യോഗസ്ഥന് സ്ഥാനമാനങ്ങളും പട്ടും നല്‍കി നമ്മുടെ ഭരണാധികാരികള്‍. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പോലിസ് ഉപദേഷ്ടാവാണ്. അധികാരത്തിനായുള്ള പരക്കം പാച്ചിലില്‍ ഇടതും വലതും മനപ്പൂര്‍വം മറന്നുകളഞ്ഞിരിക്കുന്നു സിറാജുന്നിസ എന്ന പേര്. എത്രയൊക്കെ മായ്ച്ചുകളയാന്‍ ശ്രമിച്ചാലും ആ ചോരപ്പാടുകള്‍ ശേഷിക്കുക തന്നെ ചെയ്യും.

Tags:    

Similar News