ബ്രസീലില്‍ കനത്തമഴയിലും പ്രളയത്തിലും 104 പേര്‍ മരിച്ചു

Update: 2022-02-17 19:34 GMT

ബ്രസീലിലെ പെട്രോപോളിസില്‍ കനത്തമഴയിലും പ്രളയത്തിലുമുണ്ടായ അപകടങ്ങളില്‍ 104 പേര്‍ മരിച്ചു. റിയോഡി ജനീറ സ്‌റ്റേറ്റിലെ മലയോരപ്രദേശത്താണ് പെട്രോപോളിസ് സ്ഥിതി ചെയ്യുന്നത്. വ്യാഴാഴ്ച അഗ്‌നിശമന വകുപ്പ് പുറത്ത് വിട്ട വിവരങ്ങളിലാണ് ഇത്രയും പേര്‍ മരണപ്പെട്ട വിവരം അറിയിച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ ആകെ പെയ്യേണ്ട മഴ ചൊവ്വാഴ്ച മാത്രം പ്രദേശത്ത് പെയ്തിരിക്കുകയാണ്. ഇത് മണ്ണടിച്ചില്‍, പ്രളയം തുടങ്ങിയവക്കിടയാക്കി. വീടുകളും വാഹനങ്ങളും വെള്ളപ്പൊക്കത്തില്‍ നശിച്ചു.

യുദ്ധസമാന സാഹചര്യമാണ് പ്രദേശത്തുള്ളതെന്നും അഗ്‌നി ശമന വിഭാഗവും പ്രാദേശിക പ്രതിരോധ സംഘങ്ങളും സംഭവസ്ഥലത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും റിയോഡി ജനീറ ഗവര്‍ണര്‍ ക്ലാഡിയോ കാസ്‌ട്രോ പറഞ്ഞു. പ്രദേശത്തുള്ളവര്‍ക്ക് എല്ലാ സഹായവും ബ്രസീല്‍ പ്രസിഡന്റ് ജയ്ര്‍ ബോല്‍സൊനാരോ വാഗ്ദാനം ചെയ്തു. വെള്ളിയാഴ്ച സ്ഥലം സന്ദര്‍ശിക്കുമെന്നും നിലവില്‍ റഷ്യ, ഹംഗറി എന്നിവടങ്ങളിലെ ഔദ്യോഗിക യാത്രയിലുള്ള അദ്ദേഹം പറഞ്ഞു.ഡിസംബര്‍ മുതല്‍ ദക്ഷിണ ബ്രസീലിലും വടക്കുകിഴക്കന്‍ ഭാഗത്തും കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ട്.

Tags: