തുര്‍ക്കി വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി; കാണാതായ 47 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

വടക്കന്‍ തുര്‍ക്കിയിലെ കരിങ്കടല്‍ പ്രവിശ്യയിലാണ് മിന്നല്‍പ്രളയം നൂറുകണക്കിനാളുകളെ തെരുവിലാക്കിയത്. 20 റെസ്‌ക്യൂ നായ്ക്കളുടെ സയാഹത്തോടെ ഏകദേശം 8,000 പേരാണ് രക്ഷാപ്രവര്‍ത്തനത്തിലും സന്നദ്ധ സഹായ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നത്.

Update: 2021-08-16 13:04 GMT

അങ്കാറ: തുര്‍ക്കിയില്‍ ദുരിതം വിതച്ച വെള്ളപ്പൊക്കത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 70 ആയി ഉയര്‍ന്നു. കാണാതയ 47 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണ്. വടക്കന്‍ തുര്‍ക്കിയിലെ കരിങ്കടല്‍ പ്രവിശ്യയിലാണ് മിന്നല്‍പ്രളയം നൂറുകണക്കിനാളുകളെ തെരുവിലാക്കിയത്. 20 റെസ്‌ക്യൂ നായ്ക്കളുടെ സയാഹത്തോടെ ഏകദേശം 8,000 പേരാണ് രക്ഷാപ്രവര്‍ത്തനത്തിലും സന്നദ്ധ സഹായ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നത്. പ്രളയത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും റോഡുകള്‍ക്കും പാലങ്ങള്‍ക്കും നാശമുണ്ടായി. റോഡുകളിലൂടെ ഡസന്‍ കണക്കിന് വാഹനങ്ങള്‍ ഒഴുകിനടന്നു. തെരുവുകള്‍ മുഴുവന്‍ മാലിന്യക്കൂമ്പാരങ്ങളാണ്.

പോസ്റ്റുകള്‍ തകര്‍ന്നത് മൂലം 330 ഗ്രാമങ്ങളില്‍ വൈദ്യുതിയില്ലാതായി. 1,800 ലധികം പേരെ ഒഴിപ്പിച്ചു. ദുരിതമേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഒരുമാസത്തിനിടെ രണ്ട് വലിയ പ്രകൃതിദുരന്തങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. കസ്തമോനു പ്രവിശ്യയിലെ വെള്ളപ്പൊക്കത്തില്‍ 60 പേര്‍ മരിച്ചു. സിനോപ്പിലും ബാര്‍ട്ടിനിലും ഒമ്പത് പേര്‍ മരിച്ചതായി ദുരന്തനിവാരണ, അടിയന്തര മാനേജ്‌മെന്റ് ഡയറക്ടറേറ്റ് (AFAD) തിങ്കളാഴ്ച അറിയിച്ചു. കസ്തമോണിലും സിനോപ്പിലുമായി 47 പേരെ കാണാതായെന്നാണ് റിപോര്‍ട്ട്.


 കസ്തമോനു പ്രവിശ്യയിലെ ബോസ്‌കുര്‍ട്ട് പട്ടണത്തില്‍നിന്നുള്ള ഡ്രോണ്‍ ദൃശ്യങ്ങളില്‍നിന്ന് വന്‍ നാശനഷ്ടങ്ങളുണ്ടായതായി വ്യക്തമാവുന്നു. അതിവേഗം ഒഴുകുന്ന വെള്ളപ്പൊക്കത്തില്‍ നദി കരകവിഞ്ഞൊഴുകുന്നതും മരങ്ങള്‍ കടപുഴകി വീഴുന്നതും വാഹനങ്ങള്‍ ഒഴുകിപ്പോവുന്നതും ദൃശ്യങ്ങളില്‍ കാണാം. അഞ്ച് പാലങ്ങള്‍ തകര്‍ന്നുവീഴുകയും മറ്റു പലതും തകര്‍ന്നതും റോഡ് ഗതാഗതം സ്തംഭിക്കാനിടയാക്കി. തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുകയാണ് സേനാപ്രവര്‍ത്തകര്‍. രണ്ടായിരത്തിലധികം ആളുകളെ ദുരിതബാധിത പ്രദേശങ്ങളില്‍നിന്ന് ഒഴിപ്പിച്ചു. ചിലരെ ഹെലികോപ്റ്ററുകളുടെയും ബോട്ടുകളുടെയും സഹായത്തോടെയാണ് പുറത്തെത്തിച്ചത്.

40 ഗ്രാമങ്ങളില്‍ ഇനിയും വൈദ്യുതിയില്ലാതെ തുടരുന്നു. കഴിഞ്ഞ ആഴ്ച ബാധിച്ച പ്രദേശങ്ങളുടെ കിഴക്ക് കരിങ്കടല്‍ പ്രവിശ്യകളില്‍ തിങ്കളാഴ്ച കനത്ത മഴ പ്രതീക്ഷിക്കുന്നതിനാല്‍ കൂടുതല്‍ വെള്ളപ്പൊക്കമുണ്ടാവുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തുര്‍ക്കിയുടെ തെക്കന്‍മേഖലയില്‍ കാട്ടുതീ ദുരിതംവിതച്ച് ദിവസങ്ങള്‍ക്കകമാണ് വടക്കന്‍ മേഖലയില്‍ പ്രളയമുണ്ടായിരിക്കുന്നത്. കല്‍ക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവ കത്തിക്കുന്നതില്‍നിന്നുള്ള കാലാവസ്ഥാ വ്യതിയാനമാണ് കൂടുതല്‍ തീവ്രമായ പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമാവുമെന്നതില്‍ സംശയമില്ലെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്.

Tags:    

Similar News