കൊറോണ: ഇറ്റലിയിൽ മരണം 6000 കടന്നു; ഇറാനിൽ 1182
മൂന്നുമാസം മുമ്പ് കൊവിഡ് ആദ്യം കണ്ടെത്തിയ ചൈന രോഗത്തെ നിയന്ത്രിച്ചതായി അറിയിച്ചു.
റോം: കൊറോണ വൈറസ്ബാധ മൂലമുള്ള മരണസംഖ്യ കുതിച്ചുയരുന്നു. ഇറ്റലിയിലെ മരണസംഖ്യ 6077 ആയി ഉയര്‍ന്നു. ചൊവ്വാഴ്ച മാത്രം ഇറ്റലിയില്‍ 601 പേരാണ് മരണമടഞ്ഞത്. ലോകത്തെ മുഴുവന്‍ കണക്കുകള്‍ പരിശോധിച്ചാല്‍ വൈറസ് ബാധമൂലം ഇതുവരെ 16,500 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
ചൈനയിൽ ഒമ്പതുപേർകൂടി മരിച്ചതോടെ മരണസംഖ്യ 3270 ആയി. 39 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചെങ്കിലും എല്ലാവരും രോഗവുമായി വിദേശത്തു നിന്ന് വന്നവരാണ്. ഗൾഫിൽ ഏറ്റവുമധികം ആളുകൾ മരിച്ചത് ഇറാനിലാണ്. 127 പേർകൂടി മരിച്ചതോടെ അവിടെ മരണസംഖ്യ 1812 ആയി. 23049 പേർക്കാണ് രോഗം ബാധിച്ചത്. അമേരിക്കയിൽ മരണസംഖ്യ 500 കടന്നു. അവിടെ 40000ലധികം ആളുകൾക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ലോകത്തെ ആകെ മരണസംഖ്യയിൽ 60 ശതമാനത്തിലധികം യൂറോപ്പിലാണ്. ഇറ്റലിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടായിരത്തിലധികം പേരാണ് മരിച്ചത്. സ്‌പെയിനില്‍ 2311 പേരും കൊറോണ മൂലം മരണമടഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ കൊറോണ വൈറസ്ബാധ മൂലം ഇതുവരെ പത്ത് പേരാണ് മരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ കൊല്‍ക്കത്ത സ്വദേശിയായ 55 കാരന്‍ തിങ്കളാഴ്ച മരിച്ചതോടെയാണ് ഇന്ത്യയിലെ മരണസംഖ്യ പത്തായി ഉയര്‍ന്നത്.
ലോകത്തുടനീളമുള്ള കണക്ക് പരിശോധിക്കുമ്പോള്‍ 378,600 പേരില്‍ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ചൈനയില്‍ 81,498 പേരിലും ഇറ്റലിയില്‍ 63,927 പേരിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ബാധിച്ച് രോഗവിമുക്തി നേടിയവരുടെ എണ്ണം 100,982 ആണ്. മൊത്തം രോഗമുക്തരിൽ 81093 പേരും ചൈനയിലാണ്. ഇന്ത്യയില്‍ ഇതുവരെ 500 പേരില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തില്‍ മാത്രം 93 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
അതേസമയം മൂന്നുമാസം മുമ്പ് കൊവിഡ് ആദ്യം കണ്ടെത്തിയ ചൈന രോഗത്തെ നിയന്ത്രിച്ചതായി അറിയിച്ചു. തിങ്കളാഴ്‌ചയും ചൈനയിൽ ആർക്കും നാട്ടിൽ നിന്ന് രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടില്ല.
