ഇന്തോനേസ്യന്‍ ഭൂകമ്പം: മരണം 271 ആയി; അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത് 150 ഓളം പേര്‍

Update: 2022-11-24 04:45 GMT

ജക്കാര്‍ത്ത: ഇന്തോനേസ്യയിലെ ജാവയില്‍ ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 271 ആയി ഉയര്‍ന്നു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കാണാതായ 150 ലധികം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 2,043 പേര്‍ക്ക് പരിക്കേല്‍ക്കുകയും 61,800 പേര്‍ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ചികില്‍സയിലുള്ള 300 പേരുടെ നില ഗുരുതരമാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ആറുവയസ്സുകാരന്‍ അസ്‌ക മൗലാന മാലിക്കിനെ രക്ഷിച്ചതായി ഇന്തോനേസ്യയുടെ നാഷനല്‍ ഏജന്‍സി ഫോര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് (ബിഎന്‍പിബി) അറിയിച്ചു.

രക്ഷാപ്രവര്‍ത്തകര്‍ കുട്ടിയെ പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മുത്തശ്ശിയുടെ മൃതദേഹത്തിനടുത്താണ് കുട്ടിയെ കണ്ടെത്തിയത്. അസ്‌ക ഇപ്പോള്‍ സിയാന്‍ജൂര്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ നേരത്തെ മാതാപിതാക്കളുടെ മൃതദേഹം പുറത്തെടുത്തിരുന്നു. കെട്ടിടങ്ങള്‍ക്ക് അടിയില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം തുടരുകയാണ്.

പടിഞ്ഞാറന്‍ ജാവയിലെ സിയാന്‍ജൂര്‍ മേഖലയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 1.21 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. സ്‌കൂളുകള്‍ ഈ സമയത്ത് വിട്ടിരുന്നില്ല. സ്‌കൂള്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടനവധി കുട്ടികള്‍ കുടുങ്ങിപ്പോയിരുന്നു.


 കെട്ടിടങ്ങള്‍ തകര്‍ന്നതിനു പുറമേ പല സ്ഥലങ്ങളിലും മണ്ണിടിച്ചിലുണ്ടായി റോഡുകള്‍ തകര്‍ന്നു. ഇത് രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തി. ഫാണ്‍ ബന്ധങ്ങളും വിഛേദിക്കപ്പെട്ടു. മരിച്ചവരില്‍ ധാരാളം സ്‌കൂള്‍ വിദ്യാര്‍ഥികളുമുണ്ടെന്ന് വെസ്റ്റ് ജാവ ഗവര്‍ണര്‍ റിദ്‌വാന്‍ കാമില്‍ പറഞ്ഞു. പ്രസിഡന്റ് ജോക്കോ വിഡോഡോ സിയാന്‍ജുര്‍ സന്ദര്‍ശിച്ചു. 56,320 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതില്‍ മൂന്നിലൊന്ന് വീടുകളും പൂര്‍ണമായും തകര്‍ന്നു. തകര്‍ന്ന മറ്റ് കെട്ടിടങ്ങളില്‍ 31 സ്‌കൂളുകളും 124 ആരാധനാലയങ്ങളും മൂന്ന് ആരോഗ്യകേന്ദ്രങ്ങളും ഉള്‍പ്പെടുന്നു.

കനത്ത നാശനഷ്ടമുണ്ടായ വീടുകളുടെ ഉടമകള്‍ക്ക് സര്‍ക്കാര്‍ ഏകദേശം 3,200 ഡോളര്‍ വരെ നഷ്ടപരിഹാരം നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞതായി സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു. ഭൂകമ്പത്തെ പ്രതിരോധിക്കുന്ന കെട്ടിടങ്ങളായി വീടുകള്‍ പുനര്‍നിര്‍മിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 58,362 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. ജാവയിലെ മലമ്പ്രദേശത്തുണ്ടായ ഭൂകമ്പം, വ്യാപകമായ മണ്ണിടിച്ചിലുകള്‍ക്കിടയാക്കിയിരുന്നു. സിയാന്‍ജുര്‍ പട്ടണത്തിനടത്തുള്ള ഒരു ഗ്രാമം മുഴുവനായി മണ്ണിനടിയിലായി.

ഒട്ടനവധി തുടര്‍ചലനങ്ങളുണ്ടായതു ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. തിരച്ചില്‍- രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 6,000ലധികം രക്ഷാപ്രവര്‍ത്തകരെ ബിഎന്‍പിബി വിന്യസിച്ചതായി സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു. 2004ല്‍ വടക്കന്‍ ഇന്തോനേസ്യയിലെ സുമാത്ര ദ്വീപില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 14 രാജ്യങ്ങളെ ബാധിച്ച സുനാമിക്ക് കാരണമായി. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരപ്രദേശത്ത് 226,000 പേര്‍ മരിച്ചു. പകുതിയിലേറെയും മരണം ഇന്തോനേസ്യയിലായിരുന്നു.

Tags:    

Similar News