വിചാരണത്തടവുകാരന്റെ മരണം ദുരൂഹം: എ കെ സ്വലാഹുദ്ദീന്‍

2021 മാര്‍ച്ച് മുതല്‍ തടവില്‍ കഴിയുന്ന മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് അമീനാണ് ഡല്‍ഹി മണ്ഡോലി ജയിലില്‍ മരിച്ചത്. വിചാരണ തടവുകാര്‍ക്ക് മതിയായ ആരോഗ്യ പരിശോധനയോ വിദഗ്ധ ചികില്‍സയോ ഉറപ്പാക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല.

Update: 2022-10-09 16:17 GMT

തിരുവനന്തപുരം: എന്‍ഐഎ കേസില്‍ വിചാരണ തടവുകാരന്റെ മരണം ദുരൂഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എ കെ സ്വലാഹുദ്ദീന്‍. 2021 മാര്‍ച്ച് മുതല്‍ തടവില്‍ കഴിയുന്ന മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് അമീനാണ് ഡല്‍ഹി മണ്ഡോലി ജയിലില്‍ മരിച്ചത്. വിചാരണ തടവുകാര്‍ക്ക് മതിയായ ആരോഗ്യ പരിശോധനയോ വിദഗ്ധ ചികില്‍സയോ ഉറപ്പാക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല.

ജയിലില്‍ തളര്‍ന്നു വീണ അമീനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചെന്നൊണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിവരം. ഇത് അവിശ്വസനീയമാണ്. ഒരു കുടുംബത്തിന്റെ പ്രതീക്ഷയായ യുവാവിന്റെ ജീവിതമാണ് ഭരണകൂടം ഭീകരമായി തട്ടിയെടുത്തിരിക്കുന്നത്. കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ആരോപിക്കപ്പെട്ട കുറ്റം കോടതിയില്‍ തെളിയിക്കപ്പെടുന്നതുവരെ കുറ്റവാളിയായി കാണാന്‍ കഴിയില്ല. ആയിരക്കണക്കിന് പൗരന്മാരാണ് ചെയ്ത കുറ്റം എന്തെന്നു പോലുമറിയാതെ വിചാരണത്തടവുകാരായി രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്നത്. വിചാരണത്തടങ്കല്‍ അനന്തമായി നീളുന്നത് നീതി നിഷേധമാണ്. വിചാരണ തടവുകാരുടെ ജീവന്‍ രക്ഷിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും എ കെ സ്വലാഹുദ്ദീന്‍ ആവശ്യപ്പെട്ടു.

Tags: