മിസ് കേരളയുടേയും സുഹൃത്തുക്കളുടേയും മരണം; ഡ്രൈവറുടെ വീട്ടില്‍ പരിശോധന, ഡിജെ പാര്‍ട്ടി ദൃശ്യങ്ങള്‍ക്കായി ഹോട്ടലില്‍ വീണ്ടും പരിശോധന നടത്തും

അറസ്റ്റിലായ അബ്ദുര്‍റഹ്മാന്റെ ഇടക്കൊച്ചിയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. അപകടസമയത്ത് ഡ്രൈവര്‍ അബ്ദുര്‍റഹമാന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലിസ് വ്യക്തമാക്കിയിരുന്നു.

Update: 2021-11-10 15:39 GMT

കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്ന് പേര്‍ കൊച്ചിയില്‍ വാഹനാപകടത്തില്‍ മരിച്ച കേസുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവറുടെ വീട്ടില്‍ പോലിസ് പരിശോധന നടത്തി. അറസ്റ്റിലായ അബ്ദുര്‍റഹ്മാന്റെ ഇടക്കൊച്ചിയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. അപകടസമയത്ത് ഡ്രൈവര്‍ അബ്ദുര്‍റഹമാന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലിസ് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ തെളിവിനായി പോലിസ് അന്വേഷണം തുടരുകയാണ്.

അതേസമയം കൊച്ചിയില്‍ മുന്‍ മിസ് കേരളയും സുഹൃത്തുക്കളും കാറപകടത്തില്‍ കൊല്ലപ്പെടും മുമ്പ് പങ്കെടുത്ത ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ക്കായി പോലിസ് ഹോട്ടലില്‍ വീണ്ടും പരിശോധന നടത്തും. കഴിഞ്ഞ ദിവസം പോലിസ് ശേഖരിച്ച് ഹാര്‍ഡ് ഡിസ്‌കില്‍ ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. വാഹനപകടത്തിന് പിറ്റേന്ന് ഹോട്ടലില്‍ നടത്തിയ ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് മാറ്റിയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. തെളിവ് നശിപ്പിച്ചെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് പോലിസ് നിലപാട്.

ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങവെ നവംബര്‍ ഒന്നിനു പുലര്‍ച്ചെയാണ് മൂന്ന് പേര്‍ മരിച്ച അപകടമുണ്ടായത്. കാര്‍ അപകടത്തിലാണ് മുന്‍ മിസ് കേരള ആന്‍സി കബീര്‍, മിസ് കേരള റണ്ണറപ് അഞ്ജന, ഇവരുടെ സുഹൃത്ത് കെ എ മുഹമ്മദ് ആഷിക് എന്നിവര്‍ മരിച്ചത്. എന്നാല്‍, അപകടസമയത്ത് ഡ്രൈവര്‍ അബ്ദുര്‍റഹമാന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലിസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റെന്തെങ്കിലും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ പോലിസ് ഹോട്ടലിലെ ദൃശ്യങ്ങള്‍ ശേഖരിച്ചത്.

നേരത്തെ എക്‌സൈസ് ഇതേ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ അനുവദിച്ച സമയത്തിന് ശേഷവും മദ്യം നല്‍കിയെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഈ മാസം 2ന് ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞമാസം 31ന് മോഡലുകള്‍ പങ്കെടുത്ത പാര്‍ട്ടിയില്‍, അനുവദിക്കപ്പെട്ട സമയത്തിന് ശേഷവും മദ്യം വിതരണം ചെയ്തതിനാലാണോ ഹാര്‍ഡ് ഡിസ്‌ക് മാറ്റിയതെന്ന് സംശയമുണ്ട്.

Tags: